തെങ്കാശിയിൽ നിന്ന് യമഹ ബൈക്കിൽ അതിർത്തി കടന്ന് റൈഡ്; പാതി ദൂരമെത്തിയതും പെട്രോൾ തീർന്ന് വഴിയിൽ പെട്ടു; പയ്യന്റെ മുഖത്ത് ആണെങ്കിൽ നല്ല കള്ളലക്ഷണം; പോലീസിന്റെ വരവിൽ വൻ ട്വിസ്റ്റ്
കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കടത്തുന്ന നാലംഗ സംഘത്തിലെ 15 വയസുകാരനായ അംഗം കൊല്ലത്ത് പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ ഇന്ധനം തീർന്നതിനെ തുടർന്ന് മറ്റൊരു വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ കണ്ടതോടെ വനത്തിൽ ഓടിയൊളിച്ച അമ്പലപ്പുഴ കുരിശിങ്കൽ വീട്ടിൽ ഡോൺ (15) ആണ് തെന്മല പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടിയിലായത്.
തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കേരളത്തിലേക്ക് കടക്കുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ചാണ് സംഘം കുടുങ്ങിയത്. ഇന്ധനം തീർന്നതിനെ തുടർന്ന് സമീപത്തെ മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാർ ഇവരെ കാണുന്നത്. ഇതോടെ സംഘം ചിതറിയോടുകയായിരുന്നു. മോഷ്ടിച്ച വാഹനം സഹിതമാണ് മറ്റ് പ്രതികൾ കടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഡോൺ സമീപത്തെ വനത്തിലേക്ക് ഓടിയൊളിക്കുകയായിരുന്നു.
തെന്മല പോലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് ഡോണിനെ കണ്ടെത്തി പിടികൂടിയത്. പിടിയിലായ ഡോണിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിൽ നാല് പേരുണ്ടായിരുന്നതായി വ്യക്തമായത്.
15 വയസ്സ് മാത്രമുള്ള ഡോൺ എറണാകുളം നോർത്ത് സ്റ്റേഷനിൽ മൂന്ന് മോഷണക്കേസുകളിലും ചങ്ങനാശ്ശേരി പുളിങ്കുന്ന് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ്. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കായതിനാൽ ഡോണിനെയും ബൈക്കും തുടർനടപടികൾക്കായി തമിഴ്‌നാട് പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.