പാലക്കാട്ടെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്; പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബിന്ദുവും കൂട്ടാളികളും നടത്തിയത് വന്‍ തട്ടിപ്പ്; പരിശോധനയില്‍ കണ്ടത് ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങള്‍
പാലക്കാട്ടെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍
പാലക്കാട്: പോലീസ് ചമഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയ വനിതയും കൂട്ടാളികളും പാലക്കാട് പിടിയിലായത് ഏതാനും ദിവസം മുമ്പാണ്. ഇവരുടെ തട്ടിപ്പിന്റെ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരിലാണ്. സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോര്‍ഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. നിരവധി പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഹോട്ടലുടമയെ കബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും മേയ് 20-നാണ് സൗത്ത് ക്രൈംവിഭാഗം തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. 21-ന് ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍വാങ്ങി. ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെ കോതമംഗലത്തുനിന്ന് കാര്‍ കണ്ടെടുത്തു. തൃശ്ശൂരില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തിയപ്പോള്‍ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതല്‍ 10,000 രൂപവരെ വിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കാന്‍ ആളുകളുടെ പക്കല്‍നിന്ന് മുദ്രപ്പത്രങ്ങള്‍ ഒപ്പിട്ടുവാങ്ങിയതായിരിക്കാമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
2024 ഡിസംബറിലാണ് പാലക്കാട്ടെ ഹോട്ടലുടമയെ പോലീസുകാരാണെന്നുപറഞ്ഞ് ബിന്ദുവും ഷാജിയും പറ്റിച്ചത്. കൂടുതല്‍ അടുപ്പംകാണിച്ച് പണവും കാറും കൈക്കലാക്കുകയായിരുന്നു. ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ പല ജില്ലകളിലും തട്ടിപ്പുനടത്തിയ വിവരം പുറത്തുവരുന്നത്. എറണാകുളത്തുമാത്രം 19.5 ലക്ഷവും 18 ലക്ഷവുംവരെ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തിയെന്ന് സൗത്ത് ക്രൈം വിഭാഗം എസ്‌ഐ ശ്യാംകുമാര്‍ പറഞ്ഞു. ഇവര്‍ക്കെതിരേ പരാതിയുമായെത്തുന്ന സംഭവങ്ങളില്‍ കേസെടുക്കുമെന്ന് മറ്റുജില്ലകളിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരാതികളെത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
സിഐ റാങ്കിലുള്ള യൂണിഫോമിനൊപ്പം ധരിക്കേണ്ട ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങുന്നതിന് ബിന്ദുവും ഷാജിയും സമീപിച്ചത് ജില്ലാ പോലീസ് കാര്യാലയത്തിന് സമീപമുള്ള പോലീസ് സൊസൈറ്റിയെയാണ്. തന്റെ സഹോദരന്‍ പോലീസിലാണെന്ന് പറഞ്ഞാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങാനെത്തിയത്. ബിന്ദുവിന്റെ അളവില്‍ ഷൂസെടുക്കുന്നതുകണ്ട് സംശയംതോന്നി ചോദിച്ചപ്പോള്‍ തന്റെ കാലിന്റെ അളവ് തന്നെയാണെന്നുപറഞ്ഞ് വിശ്വസിപ്പിക്കയായിരുന്നെന്നും ജീവനക്കാര്‍ പോലീസിന് വിവരം നല്‍കി.