ബ്ലെസ്ലി ഒരു ചെറിയ മീനല്ല! ടെലിഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത് സംഘത്തിന്റെ രീതി; കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ ഇതുവരെ 120 കോടി രൂപയുടെ ക്രമേക്കേട്; ബിഗ് ബോസ് താരത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്; തട്ടിപ്പിന്റെ ഭാഗമായി കൗമാരക്കാരായ കുട്ടികള്‍ വരെയുണ്ടെന്ന് മുന്‍ ബിഗ് ബോസ് താരം സായ് കൃഷ്ണയും

ബ്ലെസ്ലി ഒരു ചെറിയ മീനല്ല!

Update: 2025-12-18 00:43 GMT

കോഴിക്കോട്: ബിഗ് ബോസ് താരം  ബ്ലെസ്ലി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച്. ഇതൊരു ചെറിയ കേസല്ലെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. വന്‍തോതിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണ് നടന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ബ്ലെസ്ലിയെ (മുഹമ്മദ് ബ്ലെസ്ലി) വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്.

ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തല്‍. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും. ടെലിഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളെ വിശ്വസിപ്പിക്കുകയും, അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. ഇങ്ങനെ ലഭിക്കുന്ന പണം ബ്ലെസ്ലി വഴി ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി വിദേശത്തേക്ക് എത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ബ്ലെസ്ലിയെ കഴിഞ്ഞ പത്താം തീയതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ലഭിച്ച മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. നിലവില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന ഈ തട്ടിപ്പില്‍ ഇതുവരെ 120 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. കോഴിക്കോട് റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് കഴിഞ്ഞ ജൂണില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ കേസില്‍ ബ്ലെസ്ലിയെ കൂടാതെ മറ്റ് ആറ് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ താരത്തിന്റെ പേരിലുള്ളത് ചെറിയൊരു കേസല്ലെന്നും ബ്ലെസ്ലിയെപ്പോലെ നിരവധി പേര്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭാഗമാണെന്നും അവരില്‍ കൗമാരക്കാരായ കുട്ടികള്‍ വരെയുണ്ടെന്നും മുന്‍ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞു. ബ്ലെസ്ലി പോലീസ് കസ്റ്റഡിയിലാണെന്ന് താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിടുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്നും സായ് പറയുന്നു. ഒരു ബിഗ് ബോസ് താരത്തെ പൊക്കി ബ്ലെസ്ലിയെ പൊക്കി എന്ന രീതിയില്‍ ഒതുങ്ങേണ്ട കേസല്ല ഇത്.

ഇതൊരു അവബോധമായി കണ്ട് എല്ലാവരും എടുക്കണം. നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക ഓപ്പറേഷന്‍ കേരള പോലീസ് കുറച്ച് ദിവസങ്ങളായിട്ടല്ല കുറച്ച് മാസങ്ങളായി തന്നെ ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. ഓപ്പറേഷന്‍ സൈ ഹണ്ട് എന്നാണ് അതിന്റെ പേര്. സൈബര്‍ ക്രൈം, ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തുടങ്ങിയവ പിടിക്കാന്‍ വേണ്ടിയാണ് കേരള പോലീസ് ഈ ഓപ്പറേഷന്‍ നടത്തുന്നത്.

നമുക്ക് പരിചയമുള്ള പലരേയും പോലീസ് പൊക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ നമ്മള്‍ അറിയുകപോലുമില്ല. പൊക്കും കൊണ്ടുപോകും... ദിവസങ്ങള്‍ക്കുശേഷമാകും റിലീസ് ചെയ്യുക. ബ്ലെസ്ലിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുറേ അധികം കാര്യങ്ങളുണ്ട്. ബിഗ് ബോസില്‍ പോയവരൊക്കെ ഉടായിപ്പ് എന്നൊക്കെ കമന്റ് ബോക്‌സില്‍ കണ്ടു. പക്ഷെ ഇത് അങ്ങനൊന്നും അല്ല.

ഗ്രാവിറ്റി കൂടിയ കേസാണ്. ഞാനും ബ്ലെസ്ലിയും എല്ലാം കൂടി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഒരു അസോസിയേഷന്റെ ഭാഗമായി ഒരു ക്രിക്കറ്റ് മാച്ചിന് വേണ്ടി ഒത്തുകൂടിയപ്പോള്‍ കണ്ടിരുന്നു. അന്ന് ബിഗ് ബോസിനുശേഷമുള്ള ലൈഫിനെ കുറിച്ച് ഞങ്ങള്‍ എല്ലാവരും സംസാരിച്ചിരുന്നു. താന്‍ ബാംഗ്ലൂരാണെന്നും ട്രേഡിങും പരിപാടികളുമാണ് ചെയ്യുന്നത്... സമാധാനപരമായ ജീവിതമാണ്.

ട്രേഡിങ് പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പറയൂ എന്നെല്ലാം ബ്ലെസ്ലി പറഞ്ഞിരുന്നു. പല ക്രിപ്‌റ്റോയിലും ഒരുപാട് പേര്‍ ബ്ലെസ്ലി വഴി ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് നമ്മുടെ നാട്ടിലുള്ള പിള്ളേരുടെ കയ്യില്‍ എല്ലാം പണമുണ്ട്. ആ പ്രായത്തില്‍ എന്റെ കയ്യിലൊന്നും അത്ര പണമുണ്ടായിരുന്നില്ല. എവിടെ നിന്നാണ് പണം വരുന്നതെന്ന് ചോദിച്ചാല്‍ ട്രേഡിങ്ങാണ് ഇന്‍വസ്റ്റ് ചെയ്ത് കാശുണ്ടാക്കിയെന്ന് അവര്‍ പറയും. അവര്‍ക്കെല്ലാം ഉള്ളത് മ്യൂള്‍ അക്കൗണ്ടാണ്.

ആ അക്കൗണ്ടുകള്‍ കൊടുക്കുന്നതുകൊണ്ട് അതിന്റേതായ പ്രയോജനങ്ങള്‍ അവര്‍ക്കുണ്ടാകുന്നു. അങ്ങനെ അവരുടെ ലൈഫ് സ്‌റ്റൈല്‍ തന്നെ മാറുന്നു. പക്ഷെ കുട്ടികള്‍ക്ക് അതിന്റെ അപകടം മനസിലാവുന്നില്ല. ഡെഡ് അക്കൗണ്ട് വെച്ച് ലക്ഷങ്ങള്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ അക്കൗണ്ട് കൊടുക്കുന്നത് ഏറെയും കുട്ടികളാണ്. മ്യൂള്‍ അക്കൗണ്ടുകളുടെ ഹബ്ബാണ് കേരളം ഇന്ന്.

ഈ ഒരു സിന്റിക്കേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതുകൊണ്ട് സൈ ഹണ്ടിന്റെ ഭാഗമായി ബ്ലെസ്ലിയെ തൂക്കിയത്. അന്ന് ബ്ലെസ്ലിയോട് സംസാരിച്ച സമയത്ത് ചൈനയിലെ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ടിങിനെ കുറിച്ചും എല്ലാം ഞങ്ങള്‍ അന്ന് സംസാരിച്ചിരുന്നു. ചൈനയിലേക്കാണ് ബ്ലെസ്ലി ക്രിപ്‌റ്റോ മാറ്റിയത്. ബ്ലെസ്ലിയുടേത് ചെറിയൊരു കേസല്ല.

നമ്മുടെ നാട് നന്നാക്കാന്‍ വേണ്ടി നിയമ സംവിധാനം ഇറങ്ങി ചെയ്യുന്ന ക്ലീന്‍ പരിപാടിയാണ് ഓപ്പറേഷന്‍ സൈ ഹണ്ട്. അന്ന് അവന്‍ ട്രേഡിങിനെ കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ കണ്‍വിന്‍സ്ഡായി ഞാന്‍ പണം കൊടുത്തിരുന്നെങ്കില്‍ ഇന്ന് വിഷമിച്ചിരിക്കേണ്ടി വന്നേനെ എന്നും സായ് കൃഷ്ണ പറയുന്നു.

Tags:    

Similar News