കൊലപാതകത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതില്‍ പോലീസിന് സംശയം; കൊലപാതകത്തിന് ശേഷം പ്രതികള്‍ ആദ്യ വിളിച്ചതും ഇയാളെ തന്നെ; കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ അഭിഭാഷകനെ ചോദ്യം ചെയ്ത് പോലീസ്
കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ പ്രതികളായവരുടെ അഭിഭാഷകനെ ചോദ്യം ചെയ്ത് പോലീസ്. കൊലപാതകത്തിന് ശേഷം പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഇവരുടെ ഭര്‍ത്താവ് ഉബൈസ് ആദ്യം വിളിക്കുന്നത് ഈ അഭിഭാഷകനെയാണ്. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് അഭിഭാഷകനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ ഇദ്ദേഹവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തിയിരുന്നു.
പ്രവാസി വ്യവസായി പൂച്ചക്കാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിലും 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളായ കൂളിക്കുന്നിലെ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ടി എം ഉബൈസ് എന്നിവരുമായി അഭിഭാഷകന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വിശദമായി ചോദ്യം ചെയ്തിന് ശേഷം അഭിഭാഷകനെ വിട്ടയച്ചു.
അതേസമയം കൂടുതല്‍ തെളിവെടുപ്പിനായും ചോദ്യം ചെയ്യാനുമായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ കോടതില്‍ അപേക്ഷ നല്‍കി. നേരത്തെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചിരുന്നത്. കസ്റ്റഡി ആവശ്യം ഉന്നയിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.
അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷയോടൊപ്പം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ജനുവരി നാലിന് പരിഗണിക്കും. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന അബ്ദുള്‍ ഗഫൂര്‍ ഹാജിയെ 2023 ഏപ്രില്‍ 14 നാണ് പൂച്ചക്കാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രവാദിനി ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവര്‍ക്ക് പുറമേ പൂച്ചക്കാട് സ്വദേശി അസ്‌നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കൊലപാതകത്തിന് പിടിയിലായത്. ഡി സി ആര്‍ ബി ഡിവൈഎസ്പി കെ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.