ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീ ഒരു കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങി; രേഖകള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മടിച്ച് പോലിസ്: നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ 'ചിലന്തി ജയശ്രി'ക്കെതിരെ പരാതിയുമായി യുവ വ്യവസായി

‘ചിലന്തി ജയശ്രീ’ ഒരു കോടി രൂപ തട്ടിയെടുത്തു മുങ്ങിയതായി പരാതി

Update: 2024-10-18 01:27 GMT

തൃശൂര്‍: യുവ വ്യവസായിയെ കബളിപ്പിച്ച് ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീയും സംഘവും ഒരു കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയതായി പരാതി. ബാങ്ക് മാനേജരുടെ പിന്തുണയോടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തന്റെ കാര്‍ അടക്കം കടത്തിക്കൊണ്ടു പോയതായാണ് വ്യവസായിയുടെ പരാതിയില്‍ പറയുന്നത്. പെരിന്തല്‍മണ്ണ പൂന്താവനം ശ്രീവില്ലയില്‍ എം.പി.ശ്രീജിത്ത് (42) എന്ന യുവ വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ ചിലന്തി ജയശ്രിയാണ് ഇദ്ദേഹത്തെ കബളിപ്പിച്ച് ഒരു കോടിയോളം രൂപയുടെ മുതലുമായി മുങ്ങിയത്.

തട്ടിപ്പു മനസ്സിലായ ഉടന്‍ വരന്തരപ്പിള്ളി പോലിസില്‍ രഖകള്‍ സേഹിതം പരാതി നല്‍കിയിട്ടും രണ്ട് മാസത്തോളം കേസെടുക്കാനോ അന്വേഷിക്കാനോ പോലിസ് തയാറായില്ല. തുടര്‍ന്ന് യുവാവ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് രണ്ട് ിവസം മുന്‍പ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2020ലാണ് ജയശ്രീ ശ്രീജിത്തിന്റെ ബിസിനസ് പങ്കാളിയായി എത്തുന്നത്.

ശ്രീജിത്തിന്റെ കമ്പനി ഹെയര്‍ ഓയില്‍ നിര്‍മിച്ചു കൈമാറാന്‍ ആളെ ആവശ്യമുണ്ടെന്നു പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് ജയശ്രീ ഈ സ്ഥാപനത്തിലേക്ക് എത്തുന്നത്. ഉല്‍പന്നത്തിന്റെ ജിഎസ്ടി രജിസ്‌ട്രേഷനും ബിസിനസ് ഇടപാടുകളുടെ എളുപ്പത്തിനുമായി ജയശ്രീ തനിക്കു കൂടുതല്‍ പരിചയമുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങാമെന്ന് ശ്രീജിത്തിനോട് നിര്‍ബന്ധിച്ചു. ഇതു പ്രകാരം ഇഴിടെജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. ഇതിനിടെ, ജയശ്രീ തന്റെ കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായും ജോലി ആരംഭിച്ചെന്നു ശ്രീജിത്ത് പറഞ്ഞു. ഇതോടെയാണ് തട്ടിപ്പുകള്‍ തുടങ്ങിയത്. ബിസിനസും സൂപ്പര്‍മാര്‍ക്കറ്റും നവീകരിക്കാന്‍ പണം ആവശ്യപ്പെട്ട് ജയശ്രീയും മകനും ചേര്‍ന്ന് പലതവണയായി 7.25 ലക്ഷം രൂപ കൈപ്പറ്റി.

2020 മുതലുള്ള 4 വര്‍ഷം സ്ഥാപനത്തിലെ പല ജീവനക്കാരില്‍നിന്നു വായ്പയായും അവരുടെ പേരില്‍ സ്വര്‍ണം പണയംവച്ചും പണം കൈപ്പറ്റിയതായി ബാങ്കില്‍നിന്ന് ഉള്‍പ്പെടെ വിവരം ലഭിക്കുകയും കൂടുതല്‍ തട്ടിപ്പുകള്‍ തിരിച്ചറിയുകയും ചെയ്തതോടെ കഴിഞ്ഞ ഓഗസ്റ്റ് 13ന് ജയശ്രീയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പിന്നീടു ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ജോയിന്റ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്.

തന്റെ ഒപ്പുമായി സാമ്യം പോലും ഇല്ലാത്ത പലതരം ഒപ്പുകളിട്ട് പലപ്പോഴായി ഇവര്‍ 50 ലക്ഷം രൂപ തട്ടിയതായി തിരിച്ചറിഞ്ഞതെന്നു ശ്രീജിത്ത് പരാതിയില്‍ പറഞ്ഞു. പണം പിന്‍വലിക്കുന്നത് അറിയാതിരിക്കാന്‍ മൊബൈല്‍ ഫോണിലേക്കുള്ള ബാങ്ക് സന്ദേശം പോലും ബ്ലോക്ക് ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനു കൂട്ടുനിന്ന അന്നത്തെ മാനേജര്‍ സ്ഥലം മാറിപ്പോയെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ഇതോടെ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ എഫ്‌ഐആര്‍ ഇടാനോ അന്വേഷണം നടത്താനോ പോലിസും തയ്യാറായില്ലെന്ന് മാത്രമല്ല കേസില്‍ നിന്നും പിന്തിരിപ്പിക്കാനാണ് പോലിസ ശ്രമിച്ചതെന്നും ശ്രീജിത്ത് പറയുന്നു.

കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും പൊലീസ് നടപടിയെടുക്കാതെ വന്നതോടെ ചാലക്കുടി ഡിവൈഎസ്പിയെക്കണ്ട് പരാതി ബോധിപ്പിച്ചിരുന്നതായും ശ്രീജിത്ത് പറഞ്ഞു. അതേസമയം മാസവസാനം എഫ്‌ഐആര്‍ കൂടുതല്‍ വരുന്നതു കൊണ്ടാണ് പരാതിക്കാരന്‍ വന്നയുടന്‍ എഫ്‌ഐആര്‍ ഇടാതിരുന്നതെന്ന് വരന്തരപ്പിള്ളി ഇന്‍സ്‌പെക്ടര്‍ കെ.എന്‍.മനോജ് പറഞ്ഞു. പിന്നീട് അന്വേഷണത്തില്‍, ഇയാള്‍ക്കെതിരെയും പരാതികളുണ്ടെന്നു ബോധ്യപ്പെട്ടതോടെ, കോടതി നിര്‍ദേശം വന്നിട്ട് കേസെടുക്കാമെന്നു തീരുമാനിച്ചു. താന്‍ ലീവിലായതിനാലാണ് എഫ്‌ഐആര്‍ ഇടാന്‍ വൈകിയത്. എഫ്‌ഐആര്‍ ഇടാന്‍ ചാലക്കുടി ഡിവൈഎസ്പി നിര്‍ദേശിച്ചിട്ടില്ല. പ്രതി സ്ഥാനത്തുള്ള ജയശ്രീ മുങ്ങിയതായി അറിയില്ല; അന്വേഷിച്ചിട്ടുമില്ല. കേസിലെ ആധികാരികത നോക്കിയും ബാങ്കില്‍ അന്വേഷിച്ചും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News