കടബാധ്യതയോ മറ്റ് സാമ്പത്തിക പ്രയാസങ്ങളോ റോയിക്ക് ഇല്ല; മാനസികമായി പീഡിപ്പിച്ചത് ഐടി അഡീഷണല്‍ കമ്മീഷണറെന്ന് ആരോപിച്ച് കുടുംബം; റോയിയുടെ കൈപ്പടയിലുള്ള ഡയറി പോലീസ് കസ്റ്റഡിയില്‍; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് ബെംഗളൂരു പൊലീസ്; റോയിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഐടി വകുപ്പ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് ബെംഗളൂരു പൊലീസ്

Update: 2026-01-31 13:06 GMT

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയിയുടെ മരണം അന്വേഷിക്കാന്‍ ബെംഗളൂരു സിറ്റി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. ഹോസൂര്‍ റോഡിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച റോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണ റിപ്പോര്‍ട്ട് (UDR No. 5/2026) ഇനി എസ്.ഐ.ടി ആകും വിശദമായി അന്വേഷിക്കുക.

അന്വേഷണത്തിന് ഉന്നതതല സംഘം

സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗിന്റെ ഉത്തരവ് പ്രകാരം ഡിസിപി (സൗത്ത്) ലോകേഷ് ജഗലാസര്‍ ആണ് എസ്.ഐ.ടിയുടെ തലവന്‍. ജോയിന്റ് പോലീസ് കമ്മീഷണര്‍ (വെസ്റ്റ് സോണ്‍) സി. വംശി കൃഷ്ണയുടെ മേല്‍നോട്ടത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍-സൗത്ത് ഡിവിഷനുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സിസിആര്‍ബി (CCRB) അംഗങ്ങളും സംഘത്തിലുണ്ടാകും. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

കൊച്ചി ഐടി യൂണിറ്റിന്റെ റെയ്ഡ് തടയണമെന്ന റോയിയുടെ ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു പരിശോധന. കോടതി നിര്‍ദ്ദേശപ്രകാരം റെയ്ഡ് വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ എങ്ങനെ ഈ മരണം സംഭവിച്ചു എന്നത് ദുരൂഹമാണ്.

മാനസിക പീഡനം: വിരല്‍ ചൂണ്ടുന്നത് ഐടി ഉദ്യോഗസ്ഥര്‍ക്ക് നേരെ

ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ റോയിയെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചുവെന്ന് സഹോദരന്‍ സി.ജെ. ബാബു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കമ്പനി ഡയറക്ടര്‍ ടി.ജെ. ജോസഫ് നല്‍കിയ ഔദ്യോഗിക പരാതിയിലും സമാനമായ ആരോപണങ്ങളുണ്ട്. കടബാധ്യതയോ മറ്റ് സാമ്പത്തിക പ്രയാസങ്ങളോ റോയിക്ക് ഉണ്ടായിരുന്നില്ലെന്നും, റെയ്ഡിന്റെ ഭാഗമായുണ്ടായ സമ്മര്‍ദ്ദമാണ് മരണത്തിന് പിന്നിലെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.

ഡയറി കസ്റ്റഡിയില്‍; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ ഭാര്യ, മകന്‍, മകള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഹലസുരുവിലെ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്. റോയിയുടെ കൈപ്പടയിലുള്ള വ്യക്തിഗത ഡയറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിന് മുന്‍പ് അദ്ദേഹം എഴുതിയ കുറിപ്പുകളോ സൂചനകളോ ഇതിലുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന ഐടി ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും.

വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം, വെടിയുണ്ട റോയിയുടെ ഹൃദയം തുളച്ച് പുറത്തുപോയിരുന്നു. മരണത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് 'അമ്മയോട് സംസാരിക്കണം' എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ ബന്നാര്‍ഘട്ട സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബന്നാര്‍ഘട്ടയിലെ 'നേച്ചര്‍ കോണ്‍ഫിഡന്റ് കാസ്‌കോഡില്‍' നടക്കും.

ആദായ നികുതി വകുപ്പിന്റെ വിശദീകരണം

ആരോപണങ്ങള്‍ ശക്തമാകുമ്പോഴും, സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക നിലപാട്. നിയമപരമായ നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും വകുപ്പ് അറിയിച്ചു.

Tags:    

Similar News