2009 മുതല്‍ വിവിധ അക്കൗണ്ടില്‍ ചെറു തുകകളായി നിക്ഷേപം; മുതലും പലിശയും ചേര്‍ത്ത് ആകെ കിട്ടാനുള്ളത് 1.90 കോടി രൂപ; സിപിഎം ഭരിക്കുന്ന അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിനെതിരേ നിക്ഷേപകയുടെ പരാതിയില്‍ കേസെടുത്ത് കോയിപ്രം പോലീസ്; ചുമത്തിയിരിക്കുന്നത് വഞ്ചനാക്കുറ്റം; സഹകരണ ബാങ്കിന് മേല്‍ പോലീസ് കേസ് കേരളത്തില്‍ ആദ്യം

ചുമത്തിയിരിക്കുന്നത് വഞ്ചനാക്കുറ്റം; സഹകരണ ബാങ്കിന് മേല്‍ പോലീസ് കേസ് കേരളത്തില്‍ ആദ്യം

Update: 2025-10-04 13:12 GMT

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം മടക്കി നല്‍കാത്തതിനെതിരേ പോലീസ് കേസെടുത്തു. അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിനെതിരേ നിക്ഷേപക നല്‍കിയ പരാതിയില്‍ കോയിപ്രം പോലീസാണ് വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. ഒരു സഹകരണ ബാങ്ക് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പോലീസ് നേരിട്ടെടുക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് പറയുന്നു.

ബാങ്ക് സെക്രട്ടറി, ഭരണസമിതിയംഗങ്ങള്‍, മുന്‍ പ്രസിഡന്റ്, മുന്‍ ഭരണസമിതിയംഗം ഉള്‍പ്പെടെ 15 പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പ്ലാങ്കമണ്‍ തേക്കുങ്കല്‍ പളനിനില്‍ക്കുന്നതില്‍ പാലപ്പുറത്ത് ലീലാമ്മ സൈമണ്‍ (76) നല്‍കിയ പരാതിയിലാണ് കോയിപ്രം എസ്എച്ച്ഒ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐപിസി 406, 420, 34 വകുപ്പുകളും ഭാരതീയ ന്യായ സംഹിത 316 (2), 318 (4), 3 (5) വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ചതിവിലൂടെ വിശ്വാസവഞ്ചന നടത്തി അന്യായമായി ലാഭമുണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. വിവിധ അക്കൗണ്ടുകളിലായി സ്ഥിര നിക്ഷേപവും പലിശയും ഉള്‍പ്പെടെ 1,90,08,119 രൂപയാണ് പരാതിക്കാരിക്കു ലഭിക്കാനുള്ളത്.

2017 മുതല്‍ പല അക്കൗണ്ടുകളിലായി ചെറിയ തുകകളാണ് പരാതിക്കാരി സ്ഥിര നിക്ഷേപം നടത്തിയിരുന്നത്. മുതലും പലിശയും ചേര്‍ത്താണ് ഇപ്പോള്‍ 1.90 കോടി രൂപയിലെത്തി നില്‍ക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കുന്നില്ലെന്നായിരുന്നു ലീലാമ്മ സൈമണിന്റെ പരാതി.

അയിരൂര്‍ വില്ലേജ് സഹകരണ ബാങ്ക് സെക്രട്ടറി റീനാ ജോണാണ് കേസിലെ ഒന്നാം പ്രതി. നിലവിലെ ഭരണസമിതിയംഗങ്ങളായ പി.ജെ. സജി, സുനില്‍ തോമസ്, എസ്. സുരേഷ്, സുരേഷ് കുമാര്‍, ജെ. ജോബി, തോമസ് ഈശോ, വിക്രമന്‍ നാരായണന്‍, മാത്യു വര്‍ഗീസ്, അമ്പിളി പ്രഭാകരന്‍ നായര്‍, ജേക്കബ് കോശി, മുന്‍ പ്രസിഡന്റ് വി. പ്രസാദ്, മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം തോമസ് തമ്പി എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെയും എസ്.എച്ച്.ഓ പി.എം. ലിബിയുടെയും നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം.

Tags:    

Similar News