കുറ്റമെല്ലാം അച്ഛനോട് ഏറ്റുപറഞ്ഞു; ഉടന്‍ പൊലീസിനെ വിളിച്ച് മകന്‍ കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിച്ച് അച്ഛന്‍; ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി കസ്റ്റഡിയില്‍; പിടിയിലായത് 22 കാരനായ യുട്ടാ സ്വദേശി ടൈലര്‍ റോബിന്‍സണ്‍; മകനെ പിടികൂടാന്‍ സഹായിച്ചത് പിതാവെന്ന് ട്രംപും; ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും യുഎസ് പ്രസിഡന്റ്
ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി പിടിയില്‍
വാഷിങ്ടണ്‍: വലതുപക്ഷ ആക്ടിവിസ്റ്റ് ചാര്‍ലി കിര്‍ക്കിനെ വധിച്ച കേസിലെ പ്രതി പിടിയിലായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 22കാരനായ ടൈലര്‍ റോബിന്‍സണ്‍ എന്ന യുട്ടാ സ്വദേശിയാണ് പിടിയിലായത്.
പ്രതിയുടെ പിതാവ് തന്നെയാണ് പോലീസുമായി ബന്ധപ്പെട്ട് മകനെ പിടികൂടാന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന പിതാവ്, മകന്‍ കുറ്റം സമ്മതിച്ചതായി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, റോബിന്‍സണ്‍ സ്വയം പോലീസിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ടൈലര്‍ റോബിന്‍സണെ തെക്കന്‍ യൂട്ടായില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതി താമസിച്ചിരുന്നത് ഏകദേശം 600,000 ഡോളര്‍ വിലമതിക്കുന്ന ആറ് കിടപ്പുമുറികളുള്ള ഒരു വീട്ടിലാണ്. ഈ വീട് സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 260 മൈല്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയുടെ ലക്ഷ്യമെന്തെന്നതിനെക്കുറിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിടിയിലായ റോബിന്‍സണ്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ വധശിക്ഷ വരെ ലഭിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതിയോട് വളരെ അടുത്ത ഒരാളാണ് വിവരം നല്‍കിയതെന്നു ട്രംപ് സൂചിപ്പിച്ചിരുന്നു. കൊലയാളിയായ യുവാവിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ എഫ്ബിഐ അറിയിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, എഫ്ബിഐയോ ഉട്ടാ പൊതു സുരക്ഷാ വകുപ്പോ ട്രംപിന്റെ പ്രഖ്യാപനം ശരിവച്ചിട്ടില്ല. പിടിയിലായ ആളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പ്രതിയുടെ പിതാവ് തന്റെ സുഹൃത്തായ ഉന്നത യുഎസ് മാര്‍ഷലിനെ വിവരം അറിയിച്ചെന്നും അതോടെയാണ് പ്രതി പിടിയിലായതെന്നുമാണ് ട്രംപ് പറഞ്ഞത്. ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ' 'ചാര്‍ലി കിര്‍ക്ക് ഏറ്റവും നല്ല വ്യക്തിയായിരുന്നു, അദ്ദേഹത്തിന് ഇത് അര്‍ഹിച്ചില്ല,' അദ്ദേഹം കഠിന പ്രയത്‌നം നടത്തുന്ന ആളായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു'- ട്രംപ് പറഞ്ഞു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ഉട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സിന്റെയും താല്‍പര്യമെന്നും ട്രംപ് സൂചിപ്പിച്ചു. വ്യാഴാഴ്ചയാണ് ചാര്‍ലി കിര്‍ക്ക് യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 31 വയസുളള കിര്‍ക്ക് ട്രംപിന്റെ അടുത്ത അനുയായിയായിരുന്നു.
സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത ആയുധത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ ആലേഖനം ചെയ്ത വെടിയുണ്ടകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി അടുത്തുള്ള ഒരു പ്രദേശത്തേക്ക് ഓടി മറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. ഏകദേശം 200 വാര അകലെ നിന്നാണ് കിര്‍ക്കിന് വെടിയേറ്റത്. ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.