ആഘോഷത്തിനിടെ ബൈക്ക് റെയ്സ് നടത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പരിപാടിക്കിടെ കൂട്ടത്തല്ല്; കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് കുത്തേറ്റു; രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
ഒറ്റപ്പാലം: പാലക്കാട് ജില്ലയിലെ മനിശ്ശേരി ഓഡിറ്റോറിയത്തില്‍ സ്വകാര്യ കോളജ് സംഘടിപ്പിച്ച നവാഗതര്‍ക്ക് സ്വീകരണ പരിപാടിക്കിടെ നടന്ന കൂട്ടത്തല്ലില്‍ കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വല്ലപ്പുഴ സ്വദേശി അന്‍സാറിന് ഗുരുതരമായി കുത്തേറ്റു. വധശ്രമക്കേസില്‍ കോളജ് വിദ്യാര്‍ത്ഥികളായ ഹിരണ്‍ (20), വിഷ്ണുരാജ് (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഘോഷത്തിനിടെ ബൈക്ക് റെയ്സ് നടത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറിയത്. തര്‍ക്കത്തിനിടെ ചില വിദ്യാര്‍ത്ഥികള്‍ പുറത്തുനിന്നവരെ വിളിച്ചു വരുത്തിയതായി പൊലീസ് അറിയിച്ചു. കത്തിയുമായി എത്തിയ യുവാവിനെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഇടപെട്ട അന്‍സാറിനും മറ്റ് അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റു. തലയ്ക്ക് കുത്തേറ്റ അന്‍സാറിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.