കുളിക്കടവിൽ നിന്നും സ്ത്രീയുടെ പഴ്‌സ് കാണാതായി; 11 വയസുകാരന്റെ കൈകൾ കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് സമ്പന്നനായ പൊഴിയൂരുകാരൻ; ഭീഷണിയിൽ ഭയന്ന് വീട്ടുകാർ എല്ലാം മറച്ച് വെച്ചു; 11 വർഷം മുൻപത്തെ കേസിൽ ശിക്ഷാവിധി

Update: 2025-08-08 06:43 GMT

തിരുവനന്തപുരം: പഴ്‌സ് മോഷ്ടിച്ചെന്നാരോപിച്ച് അയൽവാസിയായ 11 വയസ്സുകാരനെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. 11 വർഷം മുൻപ് നടന്ന ക്രൂരതയ്ക്കാണ് ശിക്ഷാവിധി. പൊഴിയൂർ സ്വദേശി ജോർജ് ടൈറ്റസിന് (63) ആണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് വിധി പുറപ്പെടുവിച്ചത്. പത്ത് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കുട്ടിയുടെ രണ്ട് കൈയ്യും നിവർത്താൻ സാധിക്കില്ല. മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി. പ്രതിയുടെ ഭീഷണി നിലനിൽക്കെയാണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്.

2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പഴ്‌സ് കുളിക്കടവിൽ വച്ച് കാണാതായിരുന്നു. ഇത് അയൽവാസിയായ 11കാരനാണ് എടുത്തതെന്ന് ആരോപിച്ച് കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

അതിഗുരുതരമായി പൊളളലേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിയും നാട്ടുകാരോടൊപ്പം ആശുപത്രിയിലെത്തി. മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഇയാൾ ഡോക്ടറോട് പറഞ്ഞ് രേഖപ്പെടുത്തിക്കുകയും ചെയ്തു. യഥാർഥ സംഭവം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അതിസമ്പന്നനായ പ്രതിയുടെ ഭീഷണിയിൽ ഭയന്ന് കുട്ടിയും വീട്ടുകാരും യഥാർഥ സംഭവം പുറത്തു പറഞ്ഞില്ല. നാലു മാസത്തോളം കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു.

എഴുപതു ദിവസം കഴിഞ്ഞശേഷം കുട്ടിയെ ഒറ്റയ്ക്കാക്കി അമ്മ വീട്ടിൽ പോയ സമയം അടുത്ത ബെഡ്ഡിൽ കിടന്ന രോഗിയോട് കുട്ടി നടന്ന സംഭവം ടൈഹുറന്ന പറയുകയായിരുന്നു. തുടർന്ന് ആ രോഗിയാണ് സംഭവം ചൈൽഡ് ലൈനിൽ അറിയിക്കുന്നത്. പാറശാല പോലീസ് ഇൻസ്പെക്റർമാരായിരുന്ന ബി. ഗോപകുമാർ, എസ്. ചന്ദ്രകുമാർ, എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവർ ഹാജരായി.

Tags:    

Similar News