ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതി

യൂട്യൂബര്‍ റിന്‍സി മുംതാസിന്റെ ജാമ്യാപേക്ഷ തള്ളി

Update: 2025-08-20 11:23 GMT

കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റില്‍ എം.ഡി.എം.എയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസിന്റെ (32) ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് റിന്‍സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഫ്‌ളാറ്റില്‍ നിന്ന് എം ഡി എം എ കണ്ടെടുത്ത കേസില്‍, വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് വില്‍ക്കുന്നത് തടയുന്ന എന്‍ഡിപിഎസ് ആക്റ്റ് 87 ചുമത്തിയത് കൊണ്ട് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു

റിന്‍സി സിനിമാ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ഫീല്‍ഡില്‍ ധാരാളം ശത്രുക്കള്‍ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിനുപിന്നില്‍ ശത്രുക്കളാണെന്നുമായിരുന്നു മുഖ്യവാദം. ഫ്‌ലാറ്റില്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടെന്നും അവര്‍ വച്ചതാകാമെന്നും പ്രതിഭാഗം പറഞ്ഞു.

റിന്‍സിയുടെ ദേഹപരിശോധനയിലല്ല മയക്കുമരുന്ന് കണ്ടെടുത്തത്. ഫ്‌ളാറ്റിലെ കവാടത്തിന് അരികിലെ സോഫയില്‍ നിന്ന് പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തെന്നാണ് പൊലീസ് ഭാഷ്യമെന്നും വാദത്തില്‍ ഉന്നയിച്ചു. പ്രതിക്ക് മെച്ചപ്പെട്ട ജോലിയുണ്ടെന്നും മയക്കുമരുന്ന് കച്ചവടം നടത്തേണ്ട മോശം സാമ്പത്തിക സാഹചര്യം ഇല്ലെന്നും അഡ്വ. റിനേഷ് എടത്താടന്‍ വാദിച്ചു. അതുകൂടാതെ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് എതിരെ ചുമത്തിയ വ്യാജ എല്‍ എസ് ഡി കേസും കോടതിയില്‍ പരാമര്‍ശിച്ചു. ആ കേസിന് പിന്നില്‍, ഷീലയുടെ മരുമകളുടെ സഹോദരിയാണ് എന്ന പിന്നീട് തെളിഞ്ഞിരുന്നു. സമാനരീതിയിലുള്ള ഗൂഢാലോചന എന്നായിരുന്നു വാദം. എന്നാല്‍, എന്‍ഡിപിഎസ് നിയമത്തിലെ കര്‍ശന വകുപ്പുകള്‍ ചുമത്തിയത് കൊണ്ട് കോടതി ജാമ്യം തളളുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യം അറസ്റ്റിലായ റിന്‍സി സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിയെത്തിച്ചതായാണ് പൊലീസ് കേസ്. റിന്‍സിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് പലരും വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിനിമ പ്രൊമോഷന്റെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് നല്‍കിയ മറുപടി.

സിനിമാ രംഗത്തെ 'ഡ്രഗ് ലേഡി'യെന്നാണ് റിന്‍സി മുംതാസ് അറിയപ്പെടുന്നത്. ഡാന്‍സാഫിന്റെ പിടിയിലായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ കൂടുതല്‍ പേരുമായി അടുപ്പം സൂക്ഷിച്ചിരുന്നയാളെന്ന് വിവരം. സിനിമാ താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍, ഇതൊന്നും ലഹരി വില്‍പ്പനയുടെ പേരിലല്ലെന്നാണ് അവരുടെ വാദം.

സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് സൂചന്. 20.55 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ കോഴിക്കോട് ഫെറോക്ക് റിന്‍സിയെയും കൂട്ടാളി കല്ലായി സ്വദേശി യാസര്‍ അറാഫത്തിനെയും തൃക്കാക്കര പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. പ്രമോഷണല്‍ യൂ ട്യൂബര്‍, സിനിമ പി.ആര്‍.ഒ, ഡിജിറ്റല്‍ ക്രിയേറ്റര്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സിയ്ക്ക് സിനിമാ മേഖലയിലെ ചില പ്രമുഖരുമായി ലഹരി ഇടപാടുകളുള്ളതായി ഡാന്‍സഫിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ റിന്‍സി ഇത് നിഷേധിച്ചു.

ചില സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിന് ലഹരിയുമായി ബന്ധമില്ലെന്നും സിനിമാപ്രമോഷനുമായി ബന്ധപ്പെട്ടെന്നുമായിരുന്നു മറുപടി. കാക്കനാട് പാലച്ചുവടിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ യുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന നിലപാടിലാണ് റിന്‍സിയും യാസര്‍ അറാഫത്തും. ഫ്‌ലാറ്റില്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടെന്നും അവര്‍ വച്ചതാകാമെന്നും ഇവര്‍ പറയുന്നു.

കാക്കനാട്ടെ ഫ്ലാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ലക്ഷ്യം റിന്‍സി ആയിരുന്നില്ല. റിന്‍സിയുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനെയായിരുന്നു ഡാന്‍സാഫ് ലക്ഷ്യമിട്ടത്. എന്നാല്‍, യാസര്‍ അറഫാത്തിനുവേണ്ടി വിരിച്ച വലയില്‍ റിന്‍സിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്ലാറ്റില്‍ റിന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘം റിന്‍സിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.


സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News