കെട്ടിട നികുതി കുടിശിക അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍; അടച്ചില്ലെങ്കിലോ എന്ന് സിപിഎം ഏരിയ സെക്രട്ടറി; നടപടി സ്വീകരിക്കുമെന്നു ഓഫീസര്‍; പിന്നാലെ അസഭ്യ വാക്കുകള്‍; വില്ലേജ് ഓഫീസില്‍ കയറി വെട്ടും; വധഭീഷണി മുഴക്കി എം.വി സഞ്ജു; ഫോണ്‍ സംഭാഷണം പുറത്ത്
'വില്ലേജ് ഓഫീസില്‍ കയറി വെട്ടും'; വധഭീഷണി മുഴക്കി സിപിഎം ഏരിയ സെക്രട്ടറി
പത്തനംതിട്ട: കെട്ടിട നികുതി കുടിശിക അടയ്ക്കണമെന്ന് അറിയിച്ച വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജുവാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം പുറത്തുവന്നു. 2022 മുതല്‍ കെട്ടിടനികുതി അടക്കാനുള്ളത് ചൂണ്ടികാട്ടിയാണ് വില്ലേജ് ഓഫീസര്‍ ജോസഫ്, എം.വി സഞ്ജുവിനെ ഫോണില്‍ ബന്ധപ്പെട്ടത്.
2022 മുതല്‍ 2025 വരെ അടയ്ക്കാമെന്ന് പറയുന്നുണ്ടെങ്കിലും നികുതിതുക അടച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കളക്ടറോടും കളക്ടറോടും മറുപടി പറയേണ്ടത് തങ്ങളാണെന്നും നിങ്ങളൊക്കെ വലിയ ആളുകളാണെന്നും വില്ലേജ് ഓഫീസര്‍ സഞ്ജുവിനോട് പറയുന്നു. സാഹചര്യമുണ്ടെങ്കില്‍ നാളെ ഉച്ചയ്ക്ക് മുമ്പ് കെട്ടിടനികുതി അടയ്ക്കണമെന്നും വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
ആദ്യം സൗഹൃദപരമായി മുന്നോട്ട് നീങ്ങിയ സംഭാഷണം പിന്നീട് പ്രകോപനപരമാകുകയായിരുന്നു. ഏത് നാട്ടുകാരനാണെന്ന് ഏരിയസെക്രട്ടറി ചോദിച്ചപ്പോള്‍ ഞാന്‍ ഈ കേരളത്തില്‍ തന്നെയുള്ള ആളാണെന്നായിരുന്നു വില്ലേജ് ഓഫീസര്‍ മറുപടി നല്‍കിയത്. ഇനിയിത് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല, നികുതി അടയ്ക്കണമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. അടച്ചില്ലെങ്കിലോ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് നടപടി സ്വീകരിക്കുമെന്നു ഓഫീസര്‍ പറഞ്ഞതോടെയാണ് ഇയാള്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും വില്ലേജ് ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്.
വില്ലേജ് ഓഫീസര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗികമായ ഭാഗം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പത്തനംതിട്ട ഏരിയ സെക്രട്ടറി ശബ്ദരേഖ നിഷേധിച്ചിട്ടില്ല. വില്ലേജ് ഓഫീസറാണ് പ്രകോപനപരമായി സംസാരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
2022 മുതല്‍ 2025 വരെ സഞ്ജു കെട്ടിട നികുതി അടച്ചിട്ടില്ല എന്നാണ് വില്ലേജ് ഓഫീസര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സൗഹൃദത്തില്‍ മുന്നോട്ടുപോകാമെന്നും അടക്കാനില്ല എന്ന് പറഞ്ഞാല്‍ ശരിയാവില്ലെന്നും വില്ലേജ് ഓഫീസര്‍ പറയുന്നുണ്ട്. എന്നാല്‍ അടച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്നാണ് സഞ്ജു ചോദിക്കുന്നത്. നടപടിയെടുക്കുമെന്ന് പറയുമ്പോഴാണ് സഞ്ജു വില്ലേജ് ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഫോണ്‍ സംഭാഷണത്തിനിടെ സഞ്ജു വില്ലേജ് ഓഫീസറെ തെറി വിളിക്കുകയും ചെയ്യുന്നുണ്ട്.