എന്‍ എം വിജയന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഐ സി ബാലകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം വേണം; മകനും കൊച്ചുമക്കളും ജീവിക്കണം എന്ന് കത്തിലുണ്ട്, ആ ഭാഗം വെട്ടിയെന്ന് എംഎല്‍എയുടെ വാദം

എന്‍ എം വിജയന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Update: 2025-01-15 12:00 GMT

കല്‍പ്പറ്റ: വയനാട് ഡി.സി.സി. സെക്രട്ടറിയായിരുന്ന എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മൂന്ന് വഞ്ചനാ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകകൊണ്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബത്തേരി ഡി.വൈ.എസ്.പി. നടത്തുന്ന അന്വേഷണവും വിജിലന്‍സ് അന്വേഷണവും തുടരുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

പോലീസ് നല്‍കിയ ശുപാര്‍ശയിലാണ് നടപടി. പത്രോസ്, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ., എം.ഡി. അപ്പച്ചന്‍, ഗോപിനാഥ് എന്നിവര്‍ പ്രതികളായ കേസാണ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്. അതേസമയം കേസില്‍ പ്രതിയായ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുളള ഉത്തരവ് തുടരും. ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

എം എന്‍ വിജയന്‍ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു, അതിലേക്ക് അന്വേഷണം പോയില്ലെന്ന് ഐസി ബാലകൃഷ്ണന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മകനും കൊച്ചുമക്കളും ജീവിക്കണം എന്ന് എന്‍ എം വിജയന്റെ കത്തിലുണ്ട്. എന്നാല്‍ ആ ഭാഗം വെട്ടിയെന്നും എംഎല്‍എയുടെ അഭിഭാഷകന്‍ വാദിച്ചു. പാപിയായ അച്ഛന്നെന്നു വിജയന്‍ കത്തില്‍ എഴുതി, സ്വന്തം മകനെ കൊന്നതാണ് പാപം. യഥാര്‍ത്ഥ മരണം കാരണം സാമ്പത്തിക പ്രതിസന്ധി അല്ല എന്നും അത് കുറിപ്പിലുണ്ടെന്നും എംഎല്‍എ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും ഐ സി ബാലകൃഷ്ണന്‍ കോടതിയെ അറിയിച്ചു.

അതേസമയം കെ കെ ഗോപിനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കേള്‍ക്കാമെന്നു കോടതി പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ താമസിക്കേണ്ടി വരും. അത് സ്വാഭാവികമാണ്. നിലവിലെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി. അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനേയും മകന്‍ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എന്‍ എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയത്. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.

Tags:    

Similar News