പതിമൂന്ന് മുറിവുകളോടെ മരണം; വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കമ്പ് വീണാണ് മരിച്ചതെന്ന് വിനോദ് കുമാറിന്റെ റിപ്പോര്‍ട്ട്; കൊലപാതകം സ്വാഭാവിക മരണമാക്കിയെന്ന് പരാതി; അട്ടിമറി വീരനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം മുക്കിയതായി ആരോപണം
പതിമൂന്ന് മുറിവുകളോടെ മരണം; വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കമ്പ് വീണാണ് മരിച്ചതെന്ന് വിനോദ് കുമാറിന്റെ റിപ്പോര്‍ട്ട്
കൊല്ലം: പതിനഞ്ചുവര്‍ഷം മുന്‍പ് അന്‍പതുകാരന്‍ മരിച്ച കേസ് എസ്.പി വിനോദ്്കുമാര്‍ അട്ടിമറിച്ചതാണെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി മുക്കിവച്ച് ആഭ്യന്തര വകുപ്പ്. പതിമൂന്നില്‍പ്പരം മുറിവുകളോടെ മരിച്ചനിലയില്‍ കണ്ടെത്തിയ അന്‍പതുകാരന്റെ മരണകാരണം 'വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കഴ വീണതാണെന്ന്' റിപ്പോര്‍ട്ടു നല്‍കിയത് നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ്.പി വിനോദ് കുമാറായിരുന്നു. വിനോദ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്നും പരാതി.
2010 ഏപ്രില്‍ അഞ്ചിന് അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് തങ്കപ്പന്‍ എന്നയാള്‍ മരിക്കുന്നത്. കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു. പുനലുര്‍ ഡിവൈ.എസ്.പിയായിരുന്ന വിനോദ് കുമാറിനായിരുന്നു അന്വേഷണ ചുമതല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില മരിച്ചയാളുടെ ശരീരത്തില്‍ പതിമൂന്ന് മുറിവുകളാണ് കണ്ടെത്തിയത്്. തലയ്ക്കും കഴുത്തിനുമേറ്റ മുറിവുകളാണ് മരണ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ 'വാഴയ്ക്ക് ഉത കൊടുത്തിരുന്ന കഴ വീണ് മരിച്ചതാണെന്ന്്' കുറിച്ചിരുന്നു. ഇതൊരു കൊലപാതകമാണെന്നും പ്രതികളുടെ സ്വാധീനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കുകയായിരുന്നെ്നും ചൂണ്ടിക്കാട്ടി അഞ്ചല്‍, വടമണ്‍, ചരുവിള പുത്തന്‍വീട്ടില്‍ ഡി. രാജീവന്‍ മുഖ്യമന്ത്രിക്കും ഇന്റലിജന്‍സ് ഐ.ജിക്കും പരാതി നല്‍കുകയായിരുന്നു.
കേസിനെക്കുറിച്ച് പ്രത്യേക ടീമിനൈക്കാണ്ട് വിശദമായി അന്വേഷിപ്പിക്കണമെന്നും സ്വഭാവിക മരണമാണെന്ന്് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വിനോദ് കുമാര്‍ അഴിമതിക്കാരനായതിനാല്‍ ഹൈക്കോടതിയിടക്കം നിരവധി കേസുകള്‍ നേരിടുന്നയാളാണെന്നും രാജീവന്‍ പരാതിയില്‍ പറഞ്ഞിരുന്നു. 2023 ലാണ് രാജീവന്‍ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന്, ഈ കേസ് അന്വേഷിക്കുന്നതിനായി ആരോപണവിധേയനായ വിനോദ് കുമാറിനെത്തന്നെ ചുമതലപ്പെടുത്തിയതായി മറുപടി ലഭിച്ചു.
അന്വേഷണ ചുമതല ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തന്നെ ഏല്‍പ്പിക്കുന്നത് ശരിയല്ലെന്നും നിഷ്പക്ഷമായി അന്വേഷിക്കുന്നതിന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രാജീവന്‍ വീണ്ടും ഹര്‍ജി നല്‍കി. ഇതേത്തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ കേസ് കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന മറുപടി മാത്രമേ ഒന്നരവര്‍ഷമായി ലഭിക്കുന്നുള്ളൂയെന്ന് രാജീവന്‍ പറയുന്നു. കേസ് അട്ടിമറിക്കുകയാണെന്ന് സംശയം ഉള്ളതായും രാജീവന്‍ അഭിപ്രായപ്പെട്ടു.
