ഭര്‍ത്താവിന്റെ മരണശേഷം 10 പവന്റെ മാല ഊരി സൂക്ഷിച്ചിരുന്നത് മേശവലിപ്പിലെ ലോക്കറില്‍; നാലു വര്‍ഷത്തിന് ശേഷം നോക്കിയപ്പോള്‍ മാല കാണാനില്ല; വീട്ടുജോലിക്കാരി സമ്മതിച്ചത് താനെടുത്തു പണയം വച്ചുവെന്ന്; സാവകാശം കൊടുത്തിട്ടും കിട്ടിയില്ല; അറസ്റ്റ് ചെയ്ത് റാന്നി പോലീസ്
സ്വര്‍ണമാല മോഷണം പോയ കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍
റാന്നി: വീട്ടുടമസ്ഥയുടെ 10 പവനോളം തൂക്കം വരുന്ന സ്വര്‍ണമാല മോഷണം പോയ കേസില്‍ ജോലിക്കു നിന്ന യുവതിയെ പോലീസ് പിടികൂടി. ഇലന്തൂര്‍ പാലച്ചുവട് ഭഗവതി ക്ഷേത്രത്തിനു സമീപം കോട്ടൂര്‍ വീട്ടില്‍ നിന്നും വടശ്ശേരിക്കര പേഴുംപാറ ഉമ്മമുക്ക് തടത്തില്‍ വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ മായ എന്ന് വിളിക്കുന്ന കെ.ജി. കൃഷ്ണകുമാരി (40) യാണ് പിടിയിലായത്.
പുതുശ്ശേരിമല മാര്‍ത്തോമ്മ പള്ളിക്ക് സമീപം പരപ്പാട്ട് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ഷെറീന അസീസിന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. 2021 ഒക്ടോബര്‍ 28 നും കഴിഞ്ഞ ഫെബ്രുവരി 26 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്ന് മൊഴിയില്‍ പറയുന്നു. താലി ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. വീട്ടില്‍ ജോലിക്ക് നിന്ന കൃഷ്ണകുമാരി കിടപ്പുമുറിയുടെ അലമാരയിലെ ലോക്കറില്‍ നിന്നും എടുത്തുകൊണ്ടു പോയതായാണ് ഷെറീന പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഷെറീനയുടെ ഭര്‍ത്താവ് ഷാഹുല്‍ഹമീദ് നാലുവര്‍ഷം മുമ്പ് മരണപ്പെട്ടു. മകന്‍ വിദേശത്തായിരുന്നു. വീട്ടില്‍ തനിച്ചാണ് താമസം. ഭര്‍ത്താവിന്റെ മരണം നല്‍കിയ ഷോക്കില്‍ മാല ധരിക്കാതെ അലമാരയിലെ വലിപ്പിന്റെ ഉള്ളിലെ ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോക്കര്‍ തുറന്നു നോക്കിയപ്പോള്‍ മാല കാണാതായതിനെ തുടര്‍ന്ന് ജോലിക്കാരിയോട് തിരക്കിയപ്പോള്‍ എടുത്തിട്ടുണ്ടെന്നും തിരിച്ചു തരാമെന്നും സമ്മതിച്ചതായി പറയുന്നു. എന്നാല്‍ ഇതുവരെ തിരിച്ചു കിട്ടാത്തതിനാല്‍ പരാതി നല്‍കുകയായിരുന്നു.
സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിയ വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം പ്രതിയെ താലൂക്ക് ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കാത്തലിക് സിറിയന്‍ ബാങ്കില്‍ യുവതി പണയം വെച്ച സ്വര്‍ണ്ണമാല കണ്ടെടുത്തു. ബാങ്ക് മാനേജര്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, അപ്രൈസറെ കാണിച്ച് മാലയുടെ മാറ്റും തൂക്കവും നിശ്ചയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.