ഭാര്യയുമായുള്ള സൗഹൃദം കണ്ണിലെ കരടായി; ആസിഡ് ഒഴിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു വിട്ടു; ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത് തമിഴ്നാട് സ്വദേശിയുടെ സിം; പത്തനംതിട്ട കൂടലിലെ ആസിഡ് ആക്രമണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
പത്തനംതിട്ട കൂടലിലെ ആസിഡ് ആക്രമണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
പത്തനംതിട്ട: യുവാവിനു നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ ഒരാളെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് തെറ്റി മുരുപ്പേല്‍ വീട്ടില്‍ ലിതിന്‍ലാലാ( 35 )ണ് പിടിയിലായത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്. കലഞ്ഞൂര്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം പ്ലംബിങ് ആന്‍ഡ് ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജങ്ഷന്‍ അനു ഭവനം വീട്ടില്‍ വി. അനൂപ് കുമാറി(34)നു നേരെ 17 ന് രാത്രി 8.15 ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണ് ആക്രമണമുണ്ടായത്.
ഡിപ്പോ ജങ്ഷനില്‍ നിന്നും വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് പഞ്ചായത്ത് റോഡിനു തുടക്കത്തിലുള്ള കാടുപിടിച്ച ഭാഗത്ത് വച്ചായിരുന്നു ആസിഡ് ആക്രമണം. അനൂപിനോടുള്ള വിരോധം കാരണം ക്വട്ടേഷന്‍ കൊടുത്ത് മറ്റൊരാളെ കൊണ്ടാണ് ആസിഡ് ഒഴിപ്പിച്ചത്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മുഖംമറച്ച് എത്തിയ അക്രമി കൈയില്‍ കരുതിയ ആസിഡ് അനൂപിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു.
ഇടത് കണ്ണിന് ഭാഗികമായ കാഴ്ചക്കുറവുണ്ടാവുകയും, മുഖത്തും നെഞ്ചിലും പൊള്ളലേല്‍ക്കുകയും ചെയ്തു. നാലു വര്‍ഷമായി സ്ഥാപനം നടത്തി വരികയാണ് അനൂപ്. ആസിഡ് ഒഴിച്ചയാള്‍ പാടം റോഡിന്റെ ഭാഗത്തേക്ക് ഓടിപ്പോയതായി അനൂപ് കണ്ടു. ബൈക്ക് ഓഫ് ചെയ്യാതെ അനൂപ് വീട്ടിലെത്തി പിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം അനൂപിനെ പൈപ്പിന്റെ കീഴിലിരുത്തി മുഖത്തും ദേഹത്തും എല്ലാം വെള്ളമൊഴിച്ചു.
പിന്നീട് കാറില്‍ അടൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍ കൂടുതല്‍ ചികിത്സയ്ക്കായി കണ്ണുരോഗചികിത്സ വിഭാഗത്തിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയില്‍ ഇടതു കണ്ണിന് ഭാഗികമായി കാഴ്ച കുറവുണ്ടായതായും, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ കാണിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെനിന്നും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അനൂപിന്റെ മൊഴിയില്‍ ലിതിന്‍ ലാലാകണം ആക്രമണം നടത്തിയതെന്ന് സംശയം പറഞ്ഞിരുന്നു. മുന്‍വിരോധത്തില്‍ കാരണവും വെളിപ്പെടുത്തിയിരുന്നു. ഒന്നരവര്‍ഷം മുമ്പ് അനൂപിന്റെ കടയുടെ തൊട്ടുമുന്നിലായി ടേസ്റ്റ് ആന്‍ഡ് ടൈം എന്ന പേരില്‍ ബേക്കറി ലിതിന്‍ ലാലിന്റെ ഭാര്യ നടത്തിവന്നിരുന്നതായും ഇവരുമായി അനൂപിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും സൂചിപ്പിച്ചു. ഇതിന്റെ പേരില്‍ അനൂപിന്റെ സ്ഥാപനത്തിലെത്തി ലിതിന്‍ വഴക്കുണ്ടാക്കുകയും, ഉപദ്രവിക്കുകയും ചെയ്തതായും മൊഴിയിലുണ്ട്. ശാസ്ത്രീയ അന്വേഷണസംഘവും മറ്റും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ലിതിന്‍ലാലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്.
തമിഴ്നാട് കന്യാകുമാരി കല്‍ക്കുളം മേല്‍ക്കരയില്‍ താമസിക്കുന്ന ഒരാളുടെ പേരിലുള്ള മറ്റൊരു സിം കാര്‍ഡ് കൂടി ഇയാള്‍ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ കന്യാകുമാരിയും പരിസരവുമാണ് കാണിച്ചത്. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി അന്വേഷിച്ചെങ്കിലും ഫോണ്‍ ഓഫ് ആക്കിയതിനാല്‍ കണ്ടെത്താനായില്ല. പിന്നീട് ഇയാളുള്ളത് ആലുവയിലാണെന്ന് സൈബര്‍ സെല്‍ തിരിച്ചറിഞ്ഞു. ഇതുപ്രകാരം ആലുവ പോലീസിന് വിവരം കൈമാറി. അവിടെ പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയുമായിരുന്നു.
കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മുമ്പ് വിദേശത്തായിരുന്ന പ്രതി, രാജ്യം വിടാനുള്ള തയാറെടുപ്പിലായിരുന്നെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. പാസ്പോര്‍ട്ടും പോലീസ് പിടിച്ചെടുത്തു. ആസിഡ് ഒഴിച്ചത് താനല്ലെന്നും മറ്റൊരാളെ ആക്രമണം നടത്താന്‍ ഏല്‍പ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ആസിഡ് ആക്രമണം നടത്തിയയാളെ കണ്ടെത്തുന്നതിനു വിശദമായ അന്വേഷണമാണ് കൂടല്‍ പോലീസ് നടത്തിവരുന്നത്. അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ. അനില്‍ കുമാറിനെ കൂടാതെ എസ്.സി.പി.ഓമാരായ സജികുമാര്‍, സുനില്‍ കുമാര്‍ എന്നിവരാണുള്ളത്.