കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മനീഷ് വിജയിയുടെ അമ്മയും തൂങ്ങി മരിച്ചത്; മക്കള്‍ തൂങ്ങി മരിക്കുന്നത് അമ്മ മരിച്ച് നാല് മണിക്കൂറിന് ശേഷം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വീട്ടില്‍ സ്ഥിരമായി പൂജ നടന്നിരുന്നുവെന്നും സൂചന; മൂവരും ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ?

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മൂവരുടേതും തൂങ്ങി മരണം

Update: 2025-02-22 13:17 GMT

കൊച്ചി: കാക്കനാട് സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ കേന്ദ്ര ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മനീഷ് വിജയിയും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അമ്മയുടേത് സ്വാഭാവിക മരണമല്ലെന്ന് വ്യക്തമായി. മൂന്നുപേരുടേയും തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷിന്റെ അമ്മ ശകുന്തള അഗര്‍വാള്‍ മരിച്ച് നാല് മണിക്കൂറിന് ശേഷമാണ് മക്കള്‍ മരിക്കുന്നത്. അമ്മയുടെ മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തിയ ശേഷം മക്കളും മരിച്ചിരിക്കാം എന്ന് പൊലീസ് വ്യക്തമാക്കി. അമ്മയുടെ ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശകുന്തള അഗര്‍വാളിന്റെ മൃതദേഹത്തില്‍ അന്ത്യകര്‍മം ചെയ്ത ശേഷമായിരുന്നു മക്കള്‍ ജീവനൊടുക്കിയത്. അമ്മയുടെ കര്‍മ്മത്തിനായി പൂക്കള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ ക്വാട്ടേഴ്‌സില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അനുമാനിച്ചത്.

എന്നാല്‍ അമ്മയും തൂങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീട്ടില്‍ സ്ഥിരമായി പൂജ നടത്താറുണ്ടെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചിരുന്നു. സ്ഥിരമായി പൂക്കള്‍ വാങ്ങുന്നതിന്റെ ബില്ല് വീട്ടില്‍ നിന്നും ലഭിച്ചു. കേസില്‍ അബുദാബിയില്‍ നിന്നെത്തിയ സഹോദരിയുമായി വീട്ടില്‍ പൊലീസ് തുടര്‍ പരിശോധന നടത്തും.

ജിഎസ്ടി അഡീഷണല്‍ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്നെന്നാണ് നിഗമനം. മരിച്ച ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കുടുംബം സിബിഐ അറസ്റ്റ് ഭയന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. വീട്ടില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. വിദേശത്തുള്ള സഹോദരിയെ വിവരമറിയിക്കണമെന്നും സ്വത്തുക്കളുടെ ആധാരങ്ങളും സഹോദരിക്ക് കൈമാറണമെന്നുമാണ് കത്തില്‍ പറയുന്നത്.

മനീഷിന്റെ സഹോദരി ശാലിനി വിജയ്‌ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം.

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്ന മനീഷിന്റെ സഹോദരി ശാലിനി വിജയ് ജാര്‍ഖണ്ഡില്‍ സിബിഐ അന്വേഷണം നേരിട്ടിരുന്നു. 2006 ല്‍ ശാലിനി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം. വരുന്ന ശനിയാഴ്ച ഈ കേസില്‍ ശാലിനിയോട് അന്വേഷണ സംഘം ഹാജരാകാനും ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലേക്ക് പോകാനെന്ന പേരില്‍ മനീഷ് അവധിയെടുത്തെങ്കിലും കുടുംബം കാക്കാനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ തുടര്‍ന്നു. ഇതിനിടെയാണ് വീട്ടില്‍ മനീഷിനെയും ശാലിനിയെയും അമ്മ ശകുന്തള അഗര്‍വാളിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Tags:    

Similar News