സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടത് ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന; പിന്നാലെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു; അമിത ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ തൃക്കുന്നപ്പുഴക്കാരൻ നിക്ഷേപിച്ചത് 16.6 ലക്ഷം രൂപ; സൈബർ തട്ടിപ്പിൽ പിടിയിലായത് 26കാരൻ

Update: 2025-11-26 12:23 GMT

ആലപ്പുഴ: സംസ്ഥാനത്തെ ഞെട്ടിച്ച ഓൺ‌ലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ . ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് കൂടത്തായി സ്വദേശിയായ യദുകൃഷ്ണനെ (26) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തട്ടിപ്പുസംഘം ഇരകളെ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെട്ടത്. സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് സംസാരിച്ച ശേഷം, ഇരയുടെ ഫോണിൽ ഒരു വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ആപ്പിന്റെ ഉപയോഗം സ്‌ക്രീൻഷോട്ടുകൾ വഴി പഠിപ്പിക്കുകയും മാസങ്ങൾക്കുള്ളിൽ വൻ ലാഭം നേടാമെന്ന് പറഞ്ഞ് ഇരയെ കെണിയിൽ വീഴ്ത്തി.

ഇവരുടെ നിർദ്ദേശപ്രകാരം രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുനൽകിയത്. പണം അയച്ചുകൊടുക്കുമ്പോൾ തന്നെ, വ്യാജ ആപ്പിലെ അക്കൗണ്ടിൽ അയച്ച തുകയും അതിലൂടെ ലഭിച്ച വൻ ലാഭവും കൃത്യമായി പ്രദർശിപ്പിച്ചിരുന്നു. എന്നാൽ താൻ നിക്ഷേപിച്ച പണവും ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പരാതിക്കാരന് സാധിച്ചില്ല. പണം തിരികെ ലഭിക്കണമെങ്കിൽ കൂടുതൽ പണം അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് തൃക്കുന്നപ്പുഴ സ്വദേശി തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ ഇദ്ദേഹം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിലെ മുഖ്യപ്രതികൾക്ക് വേണ്ടി പണം കൈപ്പറ്റിയ 'ഹവാല' ഓപ്പറേഷനിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ പിടിയിലായ യദുകൃഷ്ണൻ എന്നാണ് സൂചന. പരാതിക്കാരനിൽ നിന്ന് നഷ്ടമായ തുകയിൽ 50,000 രൂപ ഇയാൾ തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങി. തുടർന്ന്, ബാങ്കിൽ നേരിട്ടെത്തി ചെക്ക് ഉപയോഗിച്ച് ഈ തുക പിൻവലിച്ചു.

പിൻവലിച്ച തുക കോഴിക്കോട് സ്വദേശിയായ ഒരു സുഹൃത്തിന് കൈമാറിയതായും ഇയാൾ സമ്മതിച്ചു. ആലപ്പുഴ ഡി സി ആർ ബി ഡി വൈ എസ്‌ പി സന്തോഷ് എം എസിന്റെ നിർദേശപ്രകാരം സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആതിര ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി ജോസ്, സി പി ഒ ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ കേസിൽ മറ്റൊരു പ്രതിയെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിലൂടെ നഷ്ടമായ 16.6 ലക്ഷം രൂപയിൽ 4.5 ലക്ഷം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കണ്ടെത്തി മരവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ തുക പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യപ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.

Tags:    

Similar News