ഓൺലൈൻ ട്രേഡിങിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം; നിക്ഷേപങ്ങൾക്ക് ചെറിയ തുക ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; പിന്നാലെ വലിയ തുക നിക്ഷേപമായി കൈക്കലാക്കി; സൈബർ തട്ടിപ്പിൽ പുതുപ്പരിയാരത്തുക്കാരന് നഷ്ടമായത് ലക്ഷങ്ങൾ; പ്രതിയെ പൊക്കി പോലീസ്

Update: 2026-01-18 10:45 GMT

പാലക്കാട്: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം തട്ടിയ കേസിൽ പ്രതിയെ പിടികൂടി പാലക്കാട് സൈബർ പോലീസ്. ആന്ധ്രപ്രദേശ് സ്വദേശിയായ സാകെ ഗണേഷിനെ (29)യാണ് പോലീസ് പിടികൂടിയത്. പാലക്കാട് പുതുപ്പരിയാരം സ്വദേശിക്ക് 63.63 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങിനായി പണം നിക്ഷേപിച്ചപ്പോഴാണ് ഇത്രയും വലിയ തുക തട്ടിപ്പിലൂടെ നഷ്ടമായത്.

2024 ജൂലായിലാണ് തട്ടിപ്പുകാർ സാമൂഹികമാധ്യമം വഴി പരാതിക്കാരനുമായി ബന്ധപ്പെട്ടത്. ആദ്യഘട്ടത്തിൽ, ചെറിയ തുകകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് ലാഭം തിരികെ നൽകി വിശ്വാസം നേടിയെടുക്കുകയുമായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് പിന്നീട് വലിയ തുകകൾ കൈക്കലാക്കി പൂർണമായി തട്ടിയെടുത്തത്.

പാലക്കാട് സൈബർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, നഷ്ടപ്പെട്ട തുകയിൽനിന്ന് 10 ലക്ഷം രൂപ പ്രതിയായ സാകെ ഗണേഷിന്റെ അനന്തപുരമുവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാൾ നിരവധി മറ്റ് അക്കൗണ്ടുകളിലേക്കും പണം കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന്, അനന്തപുരമുവിലെത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, മലമ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി. ഷെബീബ് റഹ്മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ.പി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എൻ. രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ യു. സുബിൻ, എ. മുഹമ്മദ് ഫാസിൽ, പി.കെ. ശരണ്യ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്. 

Tags:    

Similar News