ഷെയർ ട്രേഡിങ് കമ്പനി പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചു; വ്യാജ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു; പങ്കാളികളായവർക്ക് വൻ ലാഭം ലഭിക്കുന്നുവെന്ന് കാട്ടി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു; വയോധികനിൽ നിന്നും തട്ടിയത് കോടികൾ; തട്ടിപ്പ് സംഘത്തിലെ പ്രധാനികൾ എൻജിനിയറിങ് ബിരുദധാരികൾ

Update: 2026-01-30 08:50 GMT

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ആലപ്പുഴ സ്വദേശിയായ വയോധികനിൽനിന്ന് 8.08 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തു (23) ആണ് അറസ്റ്റിലായത്. ആലപ്പുഴ സൈബർ ക്രൈം പോലീസാണ് പ്രതിയെ പിടികൂടിയത്. വ്യാജ ആപ്പുകളും വാട്‌സാപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ച് വിശ്വാസം നേടിയെടുത്തായിരുന്നു പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. വാട്‌സാപ്പ് കോളുകളിലൂടെ പരാതിക്കാരനുമായി ബന്ധപ്പെട്ട ഭാരതിക്കണ്ണൻ, ഒരു ഷെയർ ട്രേഡിങ് കമ്പനി പ്രതിനിധിയാണെന്ന് സ്വയം പരിചയപ്പെടുത്തി.

തുടർന്ന്, 'RARCII' എന്ന പേരിൽ ഒരു വ്യാജ ആപ്പ് പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കുകയും 'C778 റിലയൻസ് ക്യാപിറ്റൽ ഇന്നോവേറ്റേഴ്സ് ഹബ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും ചെയ്തു. ഈ വ്യാജ ആപ്പിൽ വലിയ ലാഭങ്ങൾ കാണിച്ചും, വാട്‌സാപ്പ് ഗ്രൂപ്പിൽ മറ്റുള്ളവർക്ക് ലാഭം ലഭിച്ചെന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചുമാണ് ഇരയുടെ വിശ്വാസം നേടിയെടുത്തത്. 2025 സെപ്തംബർ 24 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ 73 തവണകളായിട്ടാണ് വയോധികനിൽനിന്ന് പണം കൈക്കലാക്കിയത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ആവശ്യപ്പെട്ട് വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു.

സേലത്ത് 'വാലിയന്റ് സ്ട്രൈവ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ ഭാരതിക്കണ്ണനും ഇയാളുടെ സഹപാഠിയായ ശബരീഷ് ശേഖറും ചേർന്ന് ഒരു കമ്പനി ആരംഭിച്ചിരുന്നു. ഈ കമ്പനിയുടെ കറന്റ് അക്കൗണ്ടിലേക്ക് വയോധികനെക്കൊണ്ട് 35.5 ലക്ഷം രൂപ അയപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഓട്ടോമൊബൈൽ എൻജിനിയറിങ് ബിരുദധാരികളാണ് ഭാരതിക്കണ്ണനും ശബരീഷ് ശേഖറും. സമാനമായ കേസിൽ കൂട്ടുപ്രതിയായ ശബരീഷ് ശേഖർ നിലവിൽ ട്രിച്ചി സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. ഇയാളെയും ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഷെയർ ട്രേഡിങ് വിവരങ്ങളിൽ 90 ശതമാനവും വ്യാജമാണെന്നും, ഡീമാറ്റ് അക്കൗണ്ട് ഇല്ലാതെ ഷെയർ ട്രേഡിങ് നടത്താനാകില്ലെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേസിൽ മൂന്ന് മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വൻ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റ് കൂട്ടുപ്രതികളെ പിടികൂടുന്നതിനും വിപുലമായ അന്വേഷണം തുടരുകയാണ്. 

Tags:    

Similar News