ഹുന്‍സൂര്‍ സാലിഗ്രാമിലെ ലോഡ്ജില്‍ ദര്‍ഷിതയുടെ മരണവും കണ്ണൂരിലെ മോഷണവും ഉയര്‍ത്തുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍; ആ കൂട്ടുകാരിയെ ദര്‍ഷിത വിളിച്ചത് എന്തിന്? വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം മുക്കുപണ്ടമായത് എങ്ങനെ? ഇരുട്ടില്‍ തപ്പി അന്വേഷണ സംഘങ്ങള്‍
കണ്ണൂര്‍: ഹുന്‍സൂര്‍ സാലിഗ്രാമിലെ ലോഡ്ജിലെ ദര്‍ഷിത (22)യുടെ മരണവും കണ്ണൂരിലെ മോഷണവും ഉയര്‍ത്തുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഹുന്‍സര്‍ ബിലിക്കരെയിലെ തന്റെ അയല്‍വാസിയും സുഹൃത്തുമായ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ശ്രുതിയുടെ ഭര്‍ത്താവ് ശേഖറിന്റെ ഫോണിലേക്കാണ് ദര്‍ഷിത വിളിച്ചത്.
ദര്‍ഷിതയുടെ മകളെക്കുറിച്ച് അന്വേഷിക്കാനാണ് വിളിച്ചതെന്നാണ് ശേഖര്‍ പൊലീസിനോടു പറഞ്ഞത്. ദര്‍ഷിതയുടെ ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. കൊലപാതകം നടന്നത് കര്‍ണാടകയിലായതിനാല്‍ കേരള പൊലീസിന് അന്വേഷിക്കുന്നതില്‍ പരിമിതികള്‍ നേരിടുന്നുണ്ട്. സിദ്ധരാജുവിനെ ചോദ്യം ചെയ്യാനായാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. റിമാന്‍ഡിലായ സിദ്ധരാജുവിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്. കൊലപാതകക്കേസ് അന്വേഷിക്കുന്നത് കര്‍ണാടക പൊലീസാണ്. മോഷണക്കേസിന്റെ അന്വേഷണം കേരള പൊലീസിനും. ഇതിനിടെയാണ് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും ഉയരുന്നത്.
ദര്‍ഷിത ബിലിക്കരെയിലെ വീട്ടിലേക്കു പോകുംവഴി വിരാജ്‌പേട്ടയില്‍വച്ചു തനിക്കു 2 ലക്ഷം രൂപ തന്നതായും വസ്ത്രങ്ങളും മുക്കുപണ്ടങ്ങളും അടങ്ങിയ ബാഗ് ഏല്‍പിച്ചതായും പ്രതി സിദ്ധരാജു സാലിഗ്രാം പൊലീസിനു മൊഴി നല്‍കിയിരുന്നു. 2 ലക്ഷം രൂപ കടബാധ്യത തീര്‍ക്കാനും ബൈക്കിന്റെ ലോണ്‍ അടയ്ക്കാനും ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍. ബാഗ് പോലീസിന് കിട്ടി. സിദ്ധരാജുവിനെ ബാഗ് ഏല്‍പിച്ചതില്‍ ദുരൂഹതയുണ്ടെന്നും വസ്ത്രങ്ങളും മുക്കുപണ്ടവും മാത്രമെങ്കില്‍ വീട്ടിലേക്കു കൊണ്ടുപോകാതെ ഇയാളെ ഏല്‍പിക്കില്ലെന്നും പൊലീസ് കരുതുന്നു. ബാഗില്‍ ഉണ്ടായിരുന്ന മുക്കുപണ്ടവും അതു സൂക്ഷിച്ച ബോക്‌സും ദര്‍ഷിതയുടേതാണെന്നു കല്യാട്ടെ ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദര്‍ഷിതയുടെ ഭര്‍ത്താവ് കല്യാട് ചുങ്കസ്ഥാനത്തെ സുഭാഷിന്റെ വീട്ടില്‍നിന്നു 30 പവനും 4 ലക്ഷം രൂപയും നഷ്ടപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ണ്ണൂരിലെ അന്വേഷണ സംഘം വീണ്ടും കര്‍ണാടകയിലെത്തി. ദര്‍ഷിത സിദ്ധരാജുവിനു നല്‍കിയെന്നു പറയുന്ന 2 ലക്ഷം രൂപ കല്യാട്ടെ വീട്ടില്‍നിന്നു കൊണ്ടുപോയതാണെന്നാമ് നിഗമനം.
ഡിറ്റനേറ്റര്‍ വായില്‍വച്ച് പൊട്ടിച്ച് യുവതിയെ കൊല്ലുകയായിരുന്നു. ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുമെന്ന് പറഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സിദ്ധരാജു പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിരാജ് പേട്ടയില്‍ സിദ്ധരാജുവും ദര്‍ഷിതയും കണ്ടുമുട്ടിയിരുന്നു. ബാഗ് സിദ്ധരാജുവിനെ ഏല്‍പ്പിച്ച ശേഷം ദര്‍ഷിതയും മകളും ബിലിക്കരയിലേക്ക് പോയി. ശനിയാഴ്ച വീണ്ടും കണ്ടുമുട്ടുകയും ലോഡ്ജില്‍ മുറിയെടുക്കുകയുമായിരുന്നു. ഇവിടെ വച്ചായിരുന്നു കൊലപാതകം. 2.50ന് ഇരുവരും മുറിയിലെത്തി. 2.54ന് മുറിയടച്ചു സിദ്ധരാജു പുറത്തുപോയി. നാല് മിനിറ്റിനുള്ളില്‍ ദര്‍ഷിതയെ സിദ്ധരാജു കൊലപ്പെടുത്തിയ ശേഷമാണ് പുറത്തുപോയത്. സിദ്ധരാജുവിന്റെ മൊഴി പൊലീസ് വിശ്വസിക്കാത്തതിനാല്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
രണ്ടുലക്ഷം രൂപ വിരാജ് പേട്ടയില്‍ വച്ച് ദര്‍ഷിത തനിക്ക് തന്നതായി സിദ്ധരാജു മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ പലപ്പോഴായി 80,000 രൂപയും നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ പണം കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. സിദ്ധരാജുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മുക്കുപണ്ടം ദര്‍ഷിത നല്‍കിയതാണോ എന്ന് ഉറപ്പില്ല. ഇനി ദര്‍ഷിത നല്‍കിയതാണെങ്കില്‍ കല്യാട്ടെ വീട്ടില്‍ നിന്ന് മോഷണം പോയത് മുക്കുപണ്ടങ്ങളാണോ എന്ന സംശയം ഉരുന്നുണ്ട്. നാലു ലക്ഷം രൂപ കല്യാട്ടു നിന്ന് മോഷണം പോയെന്നാണ് പരാതി. ദര്‍ഷിത രണ്ടു ലക്ഷമാണ് തനിക്ക് തന്നതെന്നാണ് സിദ്ധരാജു പറഞ്ഞത്. അങ്ങനെയങ്കില്‍ ബാക്കി രണ്ട് ലക്ഷം എവിടെ. ഇനി അതല്ല കല്യാട്ടു നിന്നും നഷ്ടമായത് 2 ലക്ഷം മാത്രമാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. ആറ് വര്‍ഷമായി ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കല്ല്യാട്ടെ വീട്ടില്‍ നിന്ന് മൂന്ന് ബാഗുമായാണ് ദര്‍ഷിത പോയത്. എന്നാല്‍ ദര്‍ഷിത ഹുന്‍സൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗുമായാണ്. ദര്‍ഷിതയുടെ പെരുമാറ്റത്തില്‍ കുറച്ചുനാളായി മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭര്‍തൃസഹോദരന്‍ സൂരജ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്ല്യാട് സ്വദേശി സുമതയുടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും മോഷണം പോയത്. സുമതയുടെ മകന്റെ ഭാര്യ ദര്‍ഷിത സംഭവ ദിവസം സ്വദേശമായ കര്‍ണാടകയിലെ ഹുന്‍സൂരിലേക്ക് പോയത് സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് ദര്‍ഷിതയെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.