കല്യാട്ടെ വീട്ടില്‍നിന്നു 30 പവനും 4 ലക്ഷം രൂപയും കവര്‍ന്ന സംഭവ കേസില്‍ വഴിത്തിരിവ്; കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മന്ത്രവാദിക്ക് കൈമാറിയെന്ന് കണ്ടെത്തല്‍; സിംഗപട്ടണം സ്വദേശിയായ മന്ത്രവാദി മഞ്ജുനാഥ് അറസ്റ്റില്‍; വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാനായി രണ്ടര ലക്ഷം വാങ്ങിയെന്ന് മന്ത്രവാദിയുടെ മൊഴി

കല്യാട്ടെ വീട്ടില്‍നിന്നു 30 പവനും 4 ലക്ഷം രൂപയും കവര്‍ന്ന സംഭവ കേസില്‍ വഴിത്തിരിവ്

Update: 2025-10-03 11:07 GMT

കണ്ണൂര്‍: കണ്ണൂര്‍ കല്യാടുള്ള വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തില്‍ വഴിത്തിരിവ്. മരുമകള്‍ ദര്‍ഷിത കൊല്ലപ്പെട്ട കേസില്‍ കര്‍ണാടക സിംഗപട്ടണം സ്വദേശിയായ മന്ത്രവാദി മഞ്ജുനാഥ് അറസ്റ്റില്‍. കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തല്‍. എന്നാല്‍, വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാനായി രണ്ടര ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് മഞ്ജുനാഥിന്റെ മൊഴി.

കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരവീട്ടില്‍ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തിലാണ് കര്‍ണാടക ഹാസന്‍ ഹനിമന്ദപുരയിലെ പൂജാരി മഞ്ജുനാഥിനെ (39) പൊലീസ് അറസ്റ്റ് ചെയ്തത്. സുമതയുടെ മകന്റെ ഭാര്യ കര്‍ണാടക ഹുന്‍സൂര്‍ ബിലിക്കരെയിലെ ദര്‍ഷിത കല്യാട്ടെ വീട്ടില്‍നിന്നു മോഷ്ടിച്ച സ്വര്‍ണവും പണവും മഞ്ജുനാഥിന് കൈമാറിയതായി കണ്ടെത്തിയിരുന്നു. ദര്‍ഷിത പിന്നീട് കൊല്ലപ്പെട്ടു. 2 ലക്ഷം രൂപ മഞ്ജുനാഥില്‍നിന്നു കണ്ടെത്തിയെങ്കിലും സ്വര്‍ണം കണ്ടെത്തിയിട്ടില്ല.

ഓഗസ്റ്റ് 22ന് ആയിരുന്നു കവര്‍ച്ച. അന്ന് രാവിലെ ദര്‍ഷിത ഹുന്‍സൂര്‍ ബിലിക്കരെയിലെ സ്വന്തം വീട്ടിലേക്കു പോയി. മൊഴിയെടുക്കാന്‍ പോയ പൊലീസ് എത്തും മുന്‍പേ സാലിഗ്രാമിലെ ലോഡ്ജില്‍ ദര്‍ഷിത (22) കൊല്ലപ്പെട്ടു. കൊലക്കേസില്‍ ദര്‍ഷിതയുടെ സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച നടന്ന ദിവസം ഉച്ചയ്ക്ക് ദര്‍ഷിത 2 ലക്ഷം രൂപ വിരാജ്‌പേട്ടയില്‍ വച്ചു തനിക്കു തന്നതായി സിദ്ധരാജു മൊഴി നല്‍കിയിരുന്നു. ബാക്കി പണവും സ്വര്‍ണവും സംബന്ധിച്ചു വ്യക്തതയില്ലാത്തതിനെത്തുടര്‍ന്നു അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

മോഷണം നടന്നതിനു പിറ്റേന്ന് രാവിലെ 11.30നു ദര്‍ഷിത, മഞ്ജുനാഥിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. ദര്‍ഷിതയുടെ വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാന്‍ നടത്തിയ പൂജയ്ക്കു പ്രതിഫലമായി തനിക്കു 2 ലക്ഷം രൂപ തന്നതായി നേരത്തേ മഞ്ജുനാഥ് മൊഴിനല്‍കിയിരുന്നു. കയ്യുറയും മാസ്‌കും തൊപ്പിയും ധരിച്ചെത്തിയ മഞ്ജുനാഥിനു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സ്വര്‍ണം, കവര്‍ച്ച നടന്ന ദിവസം ഉച്ചകഴിഞ്ഞ് 3നു ബിലിക്കരെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍വച്ചു കൈമാറുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇരിട്ടി ഡിവൈഎസ്പി പി.കെ.ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്‌ക്വാഡ് അംഗങ്ങളായ കെ.ജെ.ജയദേവ്, കെ.പി.നിജീഷ്, എ.എം.ഷിജോയ്, പി.രതീഷ്, വി.ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News