കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയം; വിവാഹത്തിന് ബുള്ളറ്റും സ്വർണ്ണാഭരണങ്ങളും നൽകിയിട്ടും വീട്ടുകാർക്ക് അതൃപ്തി; വിവാഹ സമ്മാനത്തിന്റെ പേരിൽ പരിഹാസം തുടർന്നതോടെ കാർ വാങ്ങി നൽകി; ജോലി കഴിഞ്ഞ് വന്നശേഷവും വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ചു; കൊല്ലപ്പെട്ട വനിതാ സ്വാറ്റ് കമാൻഡോ സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര
ഡൽഹി: ഡൽഹി പോലീസിലെ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാല് മഅശ്വം ഗർഭിണിയായിരുന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കാജലിന്റെ ബന്ധുക്കൾ ഉയർത്തുന്നത്.
2023-ലായിരുന്നു കാജലിന്റെയും അങ്കുറിന്റെയും വിവാഹം. വിവാഹസമയത്ത് ബുള്ളറ്റ് ബൈക്കും സ്വർണ്ണാഭരണങ്ങളും പണവും നൽകിയിരുന്നെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്ക് തൃപ്തിയുണ്ടായിരുന്നില്ലെന്ന് കാജലിന്റെ പിതാവ് രാകേഷ് ആരോപിക്കുന്നു. "മറ്റാരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കിൽ മകന് കാർ കിട്ടുമായിരുന്നു എന്നുപറഞ്ഞ് അവർ അവളെ നിരന്തരം പരിഹസിക്കുമായിരുന്നു. പിന്നീട് ഒരു കാർ നൽകിയിട്ടും പീഡനം തുടർന്നു," അദ്ദേഹം പറഞ്ഞു. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയും വീട്ടിലെ ജോലികളെച്ചൊല്ലിയും നിരന്തരമായ തർക്കങ്ങൾ നിലനിന്നിരുന്നു.
ജനുവരി 22-ന് രാത്രി പത്തുമണിയോടെ പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിലുള്ള ഇവരുടെ വാടകവീട്ടിലാണ് സംഭവം നടന്നത്. നാലു മാസം ഗർഭിണിയായിരുന്ന കാജലിനെ അങ്കുർ പിന്നിൽ നിന്നും ഭാരമേറിയ ഡംബെൽ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ജനുവരി 27-ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്.
അങ്കുർ മുൻപും കാജലിനെ മർദ്ദിച്ചിരുന്നതായി സഹോദരൻ നിഖിൽ പറയുന്നു. അഞ്ച് മാസം മുൻപ് മർദ്ദനത്തെത്തുടർന്ന് കാജലിനെ തിരികെ കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും, കുട്ടിയുടെ പേരിൽ സത്യം ചെയ്ത് അങ്കുർ മാപ്പ് പറഞ്ഞതിനാൽ അവർ അവിടെത്തന്നെ തുടരുകയായിരുന്നു. ഗർഭിണിയായിരുന്നിട്ടും ജോലി കഴിഞ്ഞ് വന്നശേഷം വീട്ടുജോലികളെല്ലാം ചെയ്യാൻ കാജൽ നിർബന്ധിതയായിരുന്നുവെന്നും വീട്ടുകാർ ആരോപിച്ചു.
പാനിപ്പത്തിലെ കോളേജ് പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. 2023 നവംബറിൽ വിവാഹിതരായ ഇവർ ഹരിയാനയിലെ ഗനൗറിലായിരുന്നു താമസം. അവിടെയുണ്ടായ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഡൽഹിയിലെ മോഹൻ ഗാർഡനിലേക്ക് താമസം മാറിയത്. എന്നാൽ അവിടെയും പീഡനം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ കാജലിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. അവനെ തങ്ങൾ വളർത്തുമെന്നും വലുതാകുമ്പോൾ സത്യം അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.
സംഭവ ദിവസം, ഭർത്താവായ അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ വിളിച്ച് ഭാര്യ തന്നോട് വഴക്കിടുകയാണെന്ന് പറഞ്ഞു. സഹോദരനോട് കാര്യം വിശദീകരിക്കാൻ കാജൽ ഫോൺ വാങ്ങിയെങ്കിലും അങ്കുർ അത് തട്ടിപ്പറിച്ചു. "ഞാൻ നിന്റെ പെങ്ങളെ കൊല്ലാൻ പോവുകയാണ്, തെളിവായി നീ ഈ സംഭാഷണം റെക്കോർഡ് ചെയ്തോ" എന്ന് നിഖിലിനോട് പറഞ്ഞ ശേഷം അങ്കുർ കാജലിനെ ആക്രമിക്കുകയായിരുന്നു. നിഖിൽ ഫോണിലൂടെ കാജലിന്റെ നിലവിളി കേട്ടെങ്കിലും ഉടൻ തന്നെ കോൾ കട്ടായി.
അഞ്ച് മിനിറ്റിന് ശേഷം വീണ്ടും വിളിച്ച അങ്കുർ, താൻ കാജലിനെ കൊന്നെന്നും വന്ന് മൃതദേഹം കൊണ്ടുപോയ്‌ക്കോളാനും നിഖിലിനോട് പറഞ്ഞു. നിഖിൽ അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി. അപ്പോഴേക്കും അങ്കുറിന്റെ വീട്ടുകാർ സ്ഥലത്തെത്തുകയും കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാജലിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡംബെൽ കൊണ്ട് തലയ്ക്ക് അടിച്ചതിനൊപ്പം കാജലിന്റെ തല വാതിലിന്റെ ഫ്രെയിമിലിട്ട് ഇടിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് പിന്നീട് ഗാസിയാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയ കാജൽ ജനുവരി 27-ന് പുലർച്ചെ 6 മണിയോടെ മരണപ്പെട്ടു. ഹരിയാനയിലെ ഗനൗർ സ്വദേശിയായ കാജൽ 2022-ലാണ് ഡൽഹി പോലീസിൽ കോൺസ്റ്റബിളായി ചേർന്നത്. കഠിനമായ കമാൻഡോ പരിശീലനത്തിന് ശേഷം സ്പെഷ്യൽ സെല്ലിന്റെ സ്വാറ്റ് യൂണിറ്റിൽ നിയമിതയായി. കാജലിന്റെ സഹോദരൻ നിഖിലും ഡൽഹി പോലീസിൽ കോൺസ്റ്റബിളാണ്.
