കോവിഡിന് മുമ്പ് ഹരികുമാര്‍ സഹായിയായി എത്തി; മാനസിക പ്രശ്‌നമുണ്ടെന്ന് തോന്നിയപ്പോള്‍ പറഞ്ഞു വിട്ടു; ആറു മാസം മുമ്പ് തന്നെ കാണാന്‍ ശ്രീതു വന്നത് രണ്ടാം ഭര്‍ത്താവുമായി; വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് ലിവിങ് ടുഗദര്‍; ആ കുടുംബവുമായി സാമ്പത്തിക ബന്ധമില്ലെന്ന് ശംഖുമുഖം ദേവീദാസന്‍; ആരാണ് താലികെട്ടാതെ ശ്രീതുവിനൊപ്പം ജീവിച്ച ആ രണ്ടാമന്‍?
തിരുവനന്തപുരം: ആരോപണങ്ങള്‍ നിഷേധിച്ച് ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന്‍ എത്തുമ്പോള്‍ ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊല നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. പ്രതിയായ ഹരികുമാര്‍ കോവിഡ് തുടങ്ങും മുമ്പ് തനിക്കൊപ്പം സഹായിയായി ജോലി ചെയ്തുവെന്നും സഹോദരി ശ്രീതുവുമായി വലിയ ബന്ധമില്ലെന്നുമാണ് ശംഖുംമുഖം ദേവീദാസന്‍ എന്ന പ്രദീപ് കുമാറിന്റെ വിശദീകരണം. ഭൂമി വാങ്ങാന്‍ ഇടനില നിന്നിട്ടില്ല. കാറുവാങ്ങാനും സഹായമൊന്നും ചെയ്തിട്ടില്ല. തന്റെ ഫോണ്‍ പരിശോധിക്കുമ്പോള്‍ എല്ലാം തെളിയുമെന്നും ദേവീദാസന്‍ പറയുന്നു. ഒരു സുഹൃത്തിനോട് തനിക്കൊരു സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടു. അതു പ്രകാരമാണ് ഹരികുമാര്‍ എത്തിയത്. അന്ന് ശമ്പളം വാങ്ങാന്‍ അമ്മയും ചേച്ചിയും വരുമായിരുന്നു. പിന്നീട് ആറു മാസം മുമ്പ് സഹോദരി വന്നിരുന്നു. കരിക്കകം ക്ഷേത്രത്തില്‍ പോയ ശേഷം വന്നതാണെന്ന് പറഞ്ഞു. അപ്പോള്‍ മറ്റൊരാള്‍ കൂടെയുണ്ടായിരുന്നു. തന്റെ രണ്ടാം ഭര്‍ത്താവാണ് അതെന്നാണ് ശ്രീതു പരിചയപ്പെടുത്തിയതെന്നും പറയുന്നു. ആദ്യ വിവാഹം ഡിവോഴ്‌സായോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരുമാണ് ഒരുമിച്ച് കഴിയുന്നതെന്നും ശ്രീതു വിശദീകരിച്ചെന്നും ഹരികുമാര്‍ പറയുന്നു. രണ്ടാം വിവാഹം കഴിച്ചിട്ടില്ലെന്നും ശ്രീതു പറഞ്ഞുവത്രേ. അതായത് ലിവിംഗ് ടുഗദര്‍ ബന്ധം ശ്രീതുവിനുണ്ടെന്ന സംശയമാണ് ദേവീദാസന്‍ ചര്‍ച്ചയാക്കുന്നത്. ഇതോടെ മറ്റൊരാള്‍ക്കും ശ്രീതുവുമായി ബന്ധമുണ്ടെന്ന സംശയം സജീവമാകുകയാണ്.
ഹരികുമാര്‍ ജോലിക്ക് വരുമ്പോള്‍ അനുസരണാ ശീലമുള്ള പയ്യാനായിരുന്നു. പിന്നീട് ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതു പോലെ തോന്നി. അതുകൊണ്ടാണ് ഒഴിവാക്കിയത്. മറ്റ് ബന്ധങ്ങളൊന്നുമില്ല. ബ്ലാക് മെയില്‍ ചെയ്യാമെന്ന ധാരണയിലാകും തനിക്കെതിരെ ശ്രീതു സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയത്. ശ്രീതുവിന്റെ കുടുംബവുമായി മറ്റൊരു ബന്ധവുമില്ലെന്ന് ജ്യോതിഷന്‍ പരസ്യമായി പറയുന്നു. ആദ്യ ഭാര്യ മരിച്ചു. അതിന് ശേഷം വീണ്ടും വിവാഹം ചെയ്ത ഗൃഹസ്ഥാനാണ് താന്‍. സന്ന്യാസിയോ സ്വാമിയോ അല്ല. ജ്യോതിഷ ക്ലാസ് എടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചില ഉപദേശം കൊടുക്കാറുണ്ട്. അല്ലാതെ ആരുടേയും ആത്മീയ ഗുരുവല്ല താനെന്നും ദേവീദാസ് വിശദീകരിച്ചു. ബാലരാമപുരത്തെ കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതിനായി ഫോറന്‍സിക്, സൈബര്‍ വിദ?ഗ്ധരുടെ സഹായവും തേടുന്നുണ്ട്. പ്രതി ഹരികുമാറിന്റെയും ശ്രീതുവിന്റെയും മുന്‍കാല ചരിത്രവും പൊലീസ് തെരയുന്നുണ്ട്. ഹരിയുടെ ബന്ധുക്കളുടെ മൊഴികളും പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞിന്റെ ശരീരത്തിലെ വിരലടയാളം ഉള്‍പ്പെടെ സൂക്ഷ്മമായി പരിശോധിക്കും. ഹരികുമാര്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലം തേടിയും പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ശ്രീതുവിന്റെ മൂത്ത കുട്ടി പാര്‍വണേന്ദുവിന്റെയും അമ്മ ശ്രീകലയുടെയും ഭര്‍ത്താവ് ശ്രീജിത്തിന്റെയും മൊഴികള്‍ പൊലീസ് എടുത്തു. മൂത്തകുട്ടിയെയും ഹരികുമാര്‍ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ശ്രീതുവിനെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസനെന്ന പ്രദീപ്കുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മാവന്‍ ഹരികുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഹരികുമാറിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി. ഇന്നലെയാണ് ബാലരാമപുരം കോട്ടുകാല്‍കോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ രണ്ട് വയസ്സുകാരിയായ മകള്‍ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ ചോദ്യം ചെയ്യുന്നത് തുടരും.
കുഞ്ഞിനെ കൊല്ലാന്‍ ഉള്‍വിളി ഉണ്ടായി, കൊല്ലാന്‍ തോന്നിയതുകൊണ്ട് കൊന്നു എന്നാണ് ഹരികുമാറിന്റെ മൊഴി. ഹരികുമാറിനെ ചോദ്യം ചെയ്യുമ്പോള്‍ ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി എസ് പി എസ് സുദര്‍ശന്‍ പറഞ്ഞു. അത് അന്വേഷണത്തിന് തടസമാകുന്നുണ്ടെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നും എസ് പി പറഞ്ഞു. ഹരികുമാറിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ ദീര്‍ഘ കാലമായി മരുന്ന് കഴിച്ചിരുന്നതായാണ് കുടുംബം പറയുന്നത്. ഹരികുമാര്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. ഹരികുമാറിന്റെ മൊഴികളില്‍ സ്ഥിരതയില്ലെന്നും എന്ത് കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നു. ശ്രീതു ശുചിമുറിയില്‍ പോയ സമയത്ത് ഇയാള്‍ കുട്ടിയെ എടുത്തെറിഞ്ഞെന്നാണ് ശ്രീതു പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ദേവേന്ദുവിനെ കാണാനില്ലെന്ന് മുത്തശ്ശി ശ്രീകലയാണ് രാവിലെ അഞ്ചരയ്ക്ക് അയല്‍വാസികളോട് പറഞ്ഞത്. വീടിന്റെ പരിസരത്തും റോഡിലും ആളൊഴിഞ്ഞ പറമ്പുകളിലും ടോര്‍ച്ചുമായി നാട്ടുകാരായിരുന്നു ആദ്യം തെരച്ചില്‍ നടത്തിയത്. ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം. തുടര്‍ന്ന് പ്രദേശത്തെ സിസിടിവികളും വാഹനങ്ങളുമൊക്കെ പൊലീസ് പരിശോധിച്ചു.
സ്ഥലത്തെത്തിയ ഡിവൈഎസ്പി ഷാജിയാണ് കിണര്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. കിണറില്‍ വിരിച്ചിരുന്ന വല ഒരു വശത്തേക്ക് നീങ്ങിക്കിടന്നതാണ് സംശയത്തിന് കാരണം. രാവിലെ എട്ടോടെ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി തെരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് വ്യക്തമായിരുന്നു.