ഇറാനെ പൂട്ടാന്‍ ട്രംപ് വരുന്നു, തുണയായി ബ്രിട്ടീഷ് പടയും; ആറ് സ്റ്റെല്‍ത്ത് വിമാനങ്ങളെ സൈപ്രസിലിറക്കി; ആണവ ചര്‍ച്ചകള്‍ മികച്ചതായെങ്കിലും കടലില്‍ നിരന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; യുഎസ് ആക്രമിച്ചാല്‍ താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മറുപടി; പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയില്‍

ഇറാനെ പൂട്ടാന്‍ ട്രംപ് വരുന്നു

Update: 2026-02-07 16:32 GMT

ലണ്ടന്‍: ഇറാനെതിരെയുള്ള സൈനിക നടപടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു എന്ന ശക്തമായ സൂചനകള്‍ക്കിടെ, പശ്ചിമേഷ്യയില്‍ പ്രതിരോധം ശക്തമാക്കി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി ആറ് F-35B സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ ബ്രിട്ടന്‍ സൈപ്രസിലെ ആര്‍എഫ് അക്രോതിരി (RAF Akrotiri) ബേസിലേക്ക് നിയോഗിച്ചു. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങളുടെയും അധീനതയിലുള്ള പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തര നീക്കം.

ബ്രിട്ടന്റെ സൈനിക വിന്യാസം

നോര്‍ഫോക്കിലെ ആര്‍എഫ് മാര്‍ഹാമില്‍ നിന്നാണ് അത്യാധുനിക എഫ്-35ബി വിമാനങ്ങള്‍ പുറപ്പെട്ടത്. സൈപ്രസില്‍ നിലവിലുള്ള ടൈഫൂണ്‍ (Typhoon) വിമാനങ്ങള്‍ക്കൊപ്പം ഈ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ കൂടി ചേരുന്നതോടെ ബ്രിട്ടന്റെ വ്യോമശക്തി വര്‍ദ്ധിക്കും. സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്ക് പ്രതിരോധ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള ടൈഫൂണ്‍ വിമാനങ്ങള്‍ ആക്രമണ ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കും. ഖത്തറിന്റെ അഭ്യര്‍ത്ഥനപ്രകാരം നാല് ടൈഫൂണ്‍ വിമാനങ്ങളെ കഴിഞ്ഞ മാസം ദോഹയിലേക്ക് ബ്രിട്ടന്‍ അയച്ചിരുന്നു.

ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രവും 'നല്ല തുടക്കവും'

ഇറാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത പക്ഷം സൈനികമായി നേരിടുമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഖത്തറിലെ യുഎസ് ബേസിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണവും നടത്തി.

ശനിയാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത നികുതി ഏര്‍പ്പെടുത്താന്‍ ട്രംപ് ഉത്തരവിട്ടു. ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് മേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ മികച്ചതായിരുന്നു. അവര്‍ ഒരു കരാറില്‍ ഒപ്പിടാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.' എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് പറഞ്ഞിരുന്നു.

യുഎസ് യുദ്ധക്കപ്പലുകള്‍ കടലില്‍; ഇറാന്റെ മുന്നറിയിപ്പ്

സമാധാന ചര്‍ച്ചകള്‍ ഒമാനില്‍ നടക്കുന്നുണ്ടെങ്കിലും സൈനികമായ ഒരുക്കങ്ങളില്‍ അമേരിക്ക ഒട്ടും പിന്നിലല്ല. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ (USS Abraham Lincoln) എന്ന വിമാനവാഹിനിക്കപ്പലും മറ്റ് യുദ്ധക്കപ്പലുകളും അറബിക്കടലില്‍ ഇറാന്‍ തീരത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, ആണവ സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമാണെന്നും അത് തുടരുമെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്നും എന്നാല്‍ അവരുടെ മണ്ണിലുള്ള യുഎസ് കേന്ദ്രങ്ങള്‍ സുരക്ഷിതമാകില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

Tags:    

Similar News