കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛന്‍ മരിച്ചതിന് 16ാം നാളില്‍; രണ്ട് ദിവസം മുന്‍പ് 30 ലക്ഷം കാണാതായെന്ന് പോലീസില്‍ നല്‍കിയത് വ്യാജപരാതി; ബാലരാമപുരത്ത് കുടുംബം താമസിക്കുന്നത് വാടക വീട്ടില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി നാട്ടുകാര്‍; വീട്ടില്‍ കുരുക്കിട്ട കയറും കണ്ടെത്തി; ദേവേന്ദു മരിച്ചതെങ്ങനെ?
കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛന്‍ മരിച്ചതിന് 16ാം നാളില്‍
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസു പ്രായമുള്ള കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം കഴിഞ്ഞു പോയതെന്നാണ് പുറത്തുവരുന്ന വിവരം. അടുത്തകാലത്തായി ഈ വീട്ടില്‍ പല ദുരൂഹ കാര്യങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് കുടുംബത്തിനുള്ളിലേക്കാണ് അന്വേഷണം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നാണ് ഉയരുന്ന ചോദ്യം. അത്തരം സാഹചര്യമായിരുന്നു വീട്ടില്‍ നിലനിന്നത്.
വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും സമാനമായ നിലയില്‍ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇത് വ്യാജ പരാതിയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. രണ്ടു വയസുകാരി ദേവേന്ദുവിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് നാല് പേരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്യുന്നത്.
ബാലരാമപുരത്ത് ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയാണ് മരിച്ചത്. ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ശ്രീതുവും ശ്രീജിത്തും ശ്രീതുവിന്റെ സഹോദരനും അടക്കം ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് വിവരം. ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവര്‍ ഞരമ്പ് മുറിക്കുകയും കിണറ്റില്‍ ചാടുകയും ചെയ്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിന്റെ സഹോദരന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. തന്റെ സഹോദരന്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലര്‍ച്ചെ അഞ്ചരയോടെ താന്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്നും ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
സംഭവത്തില്‍, കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം കൃത്യമായി പറയാന്‍ കഴിയൂ. എന്നാല്‍, കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വീടനടുത്ത് നിന്ന് കുരുക്കിട്ട കയര്‍ കണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബം കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ടിരുന്നോ എന്നതടക്കമുള്ള സംശയം ബലപ്പെടുകയാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കത്തില്‍ തന്നെ നാട്ടുകാര്‍ പറഞ്ഞിരുന്നു.