ഡാന്‍സാഫിനെ 'ഗൂണ്ടാ സംഘമെന്ന്' ഭയന്ന് സാഹസിക ഹോട്ടല്‍ ചാട്ടം നടത്തി ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ? നടന്‍ ആന്റിഡോട്ട് എടുത്തെന്ന് പൊലീസിന് സംശയം; തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ മാറ്റി വച്ചു; മൊഴികള്‍ പഠിച്ച ശേഷം വിളിപ്പിക്കും; എഫ്‌ഐആര്‍ ദുര്‍ബലമെന്ന് ഷൈന് നിയമോപദേശം; സാമ്പിള്‍ പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയമപോരാട്ടത്തിന്

ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ?

Update: 2025-04-20 14:04 GMT

കൊച്ചി : ലഹരിക്കേസില്‍, നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ തിങ്കളാള്ച യോഗം ചേര്‍ന്ന ശേഷം ചോദ്യം ചെയ്യല്‍ തീയതി തീരുമാനിക്കും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഷൈനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയെന്നാണ് ആലോചന.

ശനിയാഴ്ചത്തെ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാന്‍ ഷൈനിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈന്‍ അറിയിക്കുകയും പോലീസ് സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് ഷൈന്‍ ഇപ്പോള്‍ ഹാജരാകേണ്ടെന്ന് പോലീസ് അറിയിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. അതേസമയം, ശാസ്ത്രീയ പരിശോധനയില്‍ ലഹരി സാന്നിധ്യം കണ്ടുപിടിക്കാതിരിക്കാന്‍ ഷൈന്‍ ആന്റിഡോട്ട് ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആന്റി ഡോട്ട് എടുത്തിട്ടുണ്ടെങ്കില്‍, നഖത്തിന്റെയും മുടിയുടെയും സാമ്പിളില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ല. വേദാന്ത ഹോട്ടലില്‍ ഡാന്‍സാഫ് ടീം പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഷൈന്‍ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടത് തെളിവുകള്‍ നശിപ്പിക്കാനാണെന്ന് പൊലീസ് സംശയിക്കുന്നു.

മുന്‍കരുതലെടുത്ത് ഷൈന്‍

അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഷൈന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനുശേഷം കോടതിയെ സമീപിക്കാനാണ് നീക്കം. ഫലം ഷൈനിന് അനുകൂലമെങ്കില്‍ നിയമ നടപടി തുടങ്ങും.

തനിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ എഫ്‌ഐആര്‍ ആണെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നര്‍കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎന്‍എസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കല്‍) കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയത്.

എഫ്‌ഐആര്‍ റദ്ദാക്കാന്‍ തിടുക്കത്തില്‍ കോടതിയെ സമീപിക്കേണ്ടെന്ന നിയമോപദേശമാണ് ഷൈനിന് കിട്ടിയിരിക്കുന്നത്. ഷൈനിന്റെ മുടിയുടെയും ശരീര സ്രവങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലം വരാന്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ സമയമെടുത്തേക്കും. പരിശോധനാ ഫലം നെഗറ്റീവെങ്കില്‍ ആ ഘട്ടത്തില്‍ കോടതിയെ സമീപിച്ച് എഫ്‌ഐആര്‍ റദ്ദാക്കാമെന്നാണ് അഭിഭാഷകര്‍ ഷൈനിനെയും കുടുംബത്തെയും അറിയിച്ചിരിക്കുന്നത്.

2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ ചില വ്യക്തികള്‍ക്ക് ഷൈന്‍ പണം കൈമാറിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പലര്‍ക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ ഇടപാടുകള്‍ക്ക് പിന്നില്‍ ലഹരി കൈമാറ്റം ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്

സജീറിനെ തേടി പൊലീസ്

ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം വേദാന്ത ഹോട്ടലിലെത്തിയത്. റജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ 314ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിന്റെ പേര് പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെന്നതിനാല്‍ ഡാന്‍സാഫ് സംഘത്തിന് സംശയമുദിച്ചു. അങ്ങനെ, സജീര്‍ ഷൈനിന്റെ മുറിയിലുണ്ടോ എന്നറിയാന്‍ ഡാന്‍സാഫ് സംഘം രാത്രി 10.15 ഓടെ ഷൈനിന്റെ മുറിയുടെ വാതിലിലെത്തി.

എന്നാല്‍ ഒരു മണിക്കൂറോളം വിളിച്ചിട്ടും മുറി തുറക്കാന്‍ ഷൈന്‍ വിസമ്മതിച്ചു. പിന്നീടാണ് ഷൈന്‍ ജനാല വഴി താഴേക്കു ചാടി കടന്നത്. മുറിയിലുണ്ടായിരുന്ന മേക്കപ്മാന്‍ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി അഹമ്മദ് മുര്‍ഷിദ് മുറി തുറന്നപ്പോള്‍ ഡാന്‍സാഫ് ടീം അകത്തുകടന്ന് പരിശോധന നടത്തി. മുറി പരിശോധിച്ചെന്നും ഒന്നും കിട്ടിയില്ലെന്നും മുര്‍ഷിദിനെ ചോദ്യം ചെയ്‌തെങ്കിലും ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പിന്നീട് പുറത്തുവിട്ട വാര്‍ത്ത.

എന്നാല്‍ മുര്‍ഷിദിനെ കസ്റ്റഡിയിലെടുത്തിരുന്നു എന്നാണ് ഇന്നലെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഷൈനും മുര്‍ഷിദും ലഹരി ഉപയോഗിച്ചു എന്നും ഡാന്‍സാഫ് സംഘം വന്നപ്പോള്‍ തെളിവു നശിപ്പിക്കാനായി ഷൈന്‍ ജനാല വഴി ചാടി രക്ഷപ്പെട്ടു എന്നുമാണ് എഫ്‌ഐആര്‍ പറയുന്നത്.

Tags:    

Similar News