സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: തലശ്ശേരിയിലെ വയോധികനില്‍ 45 ലക്ഷം തട്ടിയെടുത്തു; പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു; കണ്ണൂരില്‍ മാത്രം ഡിജിറ്റല്‍ അറസ്റ്റിന് ഇരയായത് നിരവധി പേര്‍

സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്

Update: 2026-01-25 10:47 GMT

കണ്ണൂര്‍: രാജ്യ വിരുദ്ധ സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് തലശേരി സ്വദേശിയായ വയോധികനില്‍ നിന്നും45 ലക്ഷം തട്ടിയെടുത്തു ബാങ്ക് അക്കൗണ്ട് വഴി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് കേസെടുത്ത് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് സൈബര്‍ തട്ടിപ്പ് സംഘം തലശേരി സ്വദേശിയായ വയോധികന്റെ 45 ലക്ഷം രൂപ തട്ടിയെടുത്തത്. പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

തലശേരി കുയ്യാലിയിലെ തമ്പാന്‍ കോമത്ത് തച്ചോളിയന്റെ പരാതിയിലാണ് സൈബര്‍ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തത്. 2025 ഡിസംബര്‍ മാസം മുതല്‍ 2026 ജനുവരി 7 വരെയുള്ള കാലയളവില്‍ പ്രതികള്‍ വാട്‌സാപ്പ് വഴി പരാതിക്കാരനെ ബന്ധപ്പെട്ടാണ് ഭീഷണി മുഴക്കിയത്. പരാതിക്കാരന്റെ പേരില്‍ ഒരു സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത സിം കാര്‍ഡ് ഉപയോഗിച്ച് മുംബൈ കാനറാ ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്നും പറയുകയായിുന്നു. ഈ അക്കൗണ്ടു വഴി നിയമവിരുദ്ധമായ രീതിയില്‍ സാമ്പത്തിക ഇടപാട് നടന്നതിനാല്‍ കേസെടുത്തിട്ടുണ്ട്.

താങ്കള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന കാണിച്ച് വാറന്റും മറ്റും വാട്‌സാപ്പില്‍ അയച്ചു കൊടുത്ത് ഭയപ്പെടുത്തി അറസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ ബാങ്കിലുള്ള പണം മുഴുവന്‍ ഗവര്‍മെണ്ട് നിയന്ത്രണത്തിലുള്ള അക്കൗണ്ടിലേക്ക് മാറ്റണമെന്ന് പറഞ്ഞു. പരാതിക്കാരനില്‍ നിന്നും ജനുവരി 7 ന് ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ അയച്ച് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് 45 ലക്ഷം രൂപ അയപ്പിച്ച് പണം തട്ടിയെടുത്തു വഞ്ചിച്ചു വെന്ന പരാതിയിലാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്.

നേരത്തെ തോട്ടടസ്വദേശിയായ മുന്‍ ബാങ്ക് മാനേജരെ ഇതിന് സമാനമായി ഡിജിറ്റല്‍ അറസ്റ്റുചെയ്തു പണം തട്ടാന്‍ ശ്രമിച്ചത് സൈബര്‍ പൊലിസ് പൊളിച്ചിരുന്നു. ഈ കേസിലെ പ്രതികളിലൊരാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. നേരത്തെ തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കേസില്‍ മുഖ്യപ്രതിയായ പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാമിനെ (28) കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. ലുധിയാന ജില്ലയില്‍നിന്നുമാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വാട്‌സാപ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാനായി ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

Tags:    

Similar News