'കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്'; സിബിഐ ഉദ്യോഗസ്ഥനാണെന്ന പേരിൽ വീഡിയോ കോളെത്തി; അക്കൗണ്ടുകൾ പരിശോധിക്കാനെന്ന വ്യാജേന പണം കൈക്കലാക്കി; പിന്നാലെ ഓണലൈൻ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീകളെ വിവസ്ത്രരാക്കി ദൃശ്യങ്ങൾ പകർത്തി; ബെംഗളൂരുവിലേത് ഞെട്ടിക്കുന്ന 'ഡിജിറ്റൽ അറസ്റ്റ്'

Update: 2025-07-23 17:15 GMT

ബെംഗളൂരു: ബെംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റിലൂടെ സ്ത്രീകളെ വിവസ്ത്രരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് സ്ത്രീകളാണ് സൈബര്‍ തട്ടിപ്പുകാരുടെ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പിനിരയായത്. 9 മണിക്കൂറോളമാണ് തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിലൂടെ സ്ത്രീകളെ മാനസികമായി പീഡിപ്പിച്ചത്. പോലീസിൽ നിന്നാണെന്ന വ്യാജേന ബന്ധപ്പെട്ട ഇവർ ഓൺലൈൻ വൈദ്യപരിശോധനക്കാണെന്ന വ്യാജേന സ്ത്രീകളെ വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 58,447 രൂപയും തട്ടിപ്പുകാര്‍ കൈക്കലാക്കി.

ബെംഗളൂരുവില്‍ താമസിക്കുന്ന ആനി, സുഹൃത്തായ റിച്ച (യഥാര്‍ഥ പേരുകളല്ല) എന്നിവരാണ് സൈബര്‍ തട്ടിപ്പിനിരയായത്. ജൂലായ് 17-ാം തീയതിയായിരുന്നു സംഭവം. തായ്‌ലൻഡിൽ നിന്നും ആനിയെ കാണാൻ എത്തിയതായിരുന്നു റിച്ച. രാവിലെ 11 മണിയോടെ റിച്ചയ്ക്ക് ഒരു ഫോൺ കോൾ വന്നു. മുംബൈ കൊളാബ പോലീസ് സ്‌റ്റേഷനില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോൺ കോൾ. ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യക്കടത്തിലും കൊലപാതകത്തിലും റിച്ചയ്ക്ക് പങ്കുണ്ടെന്ന് ഫോൺ വിളിച്ചയാൾ പറഞ്ഞു.

പിന്നാലെ യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാനായി ഇവരുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫോണ്‍വിളിച്ചയാള്‍ പറഞ്ഞു. മാത്രമല്ല, പോലീസിന്റെയും സിബിഐയുടെയും വ്യാജ ഐഡി കാര്‍ഡുകളും വ്യാജ അറസ്റ്റ് വാറന്റുകളും തട്ടിപ്പുസംഘം അയച്ചുകൊടുത്തു. ഇതോടെ വിളിക്കുന്നത് യഥാര്‍ഥ പോലീസ് ഉദ്യോഗസ്ഥനാണെന്ന് യുവതികളും വിശ്വസിച്ചു. ഇരുവരും പരിഭ്രാന്തരായി. സിബിഐ ഉദ്യോഗസ്ഥനാണെന്ന പേരിൽ മറ്റൊരാൾ കൂടി വീഡിയോ കോൾചെയ്തു. വീട്ടിൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും 24 മണിക്കൂർ വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ തുടരണമെന്നും ഇവർ സ്ത്രീകളോട് പറഞ്ഞു.

സ്ത്രീകളുടെ പക്കലുള്ളത് കള്ളപ്പണമല്ലെന്ന് തെളിയിക്കണമെന്നും അതിനായി ഒരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും നിർദ്ദേശം നൽകി.ഈ പണം തിരികെ നൽകുമെന്ന് തട്ടിപ്പുകാർ പറഞ്ഞു. അവരെ വിശ്വസിച്ച് റിച്ച തന്റെ അക്കൗണ്ടിൽ നിന്ന് 58,447 രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് കൈമാറി. റിസർവ് ബാങ്ക് നിയമങ്ങൾ അനുസരിച്ച് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നടത്തിയ ഇടപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് തട്ടിപ്പുകാർ പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം ടെലികോം അതോറിറ്റി ഉദ്യോഗസ്ഥര്‍, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ തട്ടിപ്പുസംഘത്തിലെ പലരും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീട് ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും ശരീരത്തിലെ മുറിവുകൾ, അടയാളങ്ങള്‍, ടാറ്റൂ എന്നിവ പരിശോധിക്കുന്നതിനും ഒരു ഓൺലൈൻ മെഡിക്കൽ പരിശോധന ഉണ്ടെന്നും തട്ടിപ്പുകാർ സ്ത്രീകളോട് പറഞ്ഞു. ഇതിനായി വിവസ്ത്രരാകണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. രണ്ട് സ്ത്രീകളെയും ഇവര്‍ വീഡിയോകോളില്‍ വിവസ്ത്രരാക്കി. ചിത്രങ്ങൾ പകർത്തി. ഒടുവില്‍ രാത്രി എട്ടുമണിയോടെ വാട്ട്‌സ്ആപ്പ് വഴി ഒരു സുഹൃത്തിനെ ബന്ധപ്പെടാൻ റിച്ചയ്ക്ക് കഴിഞ്ഞു.

ഇതൊരു തട്ടിപ്പാണെന്ന് സുഹൃത്തിന് മനസ്സിലായി. ഫോൺ കട്ട് ചെയ്യാനും കുറ്റവാളികൾക്ക് മറുപടി നൽകുന്നത് നിർത്താനും സുഹൃത്ത് റിച്ചയോട് ആവശ്യപ്പെട്ടു. ഫോണ്‍ കട്ട്‌ചെയ്തതോടെ തട്ടിപ്പുകാര്‍ വീണ്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഈസ്റ്റ് സിഇഎൻ ക്രൈം പോലീസ് കേസെടുത്തു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 318 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News