കൈപ്പത്തിയിലെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്ന കൈയ്യക്ഷരം വനിതാ ഡോക്ടറുടേതല്ല; അത് മറ്റാരോ എഴുതിയത്; അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കുടുംബം; ടെക്കിയും പോലീസ് ഉദ്യോഗസ്ഥനും കീഴടങ്ങിയത് സംശയാസ്പദം; 28കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടിയും രംഗത്ത്
സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ യുവ വനിതാ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. കേസിൽ പ്രധാന തെളിവായി കണക്കാക്കിയിരുന്ന, ഡോക്ടറുടെ കൈപ്പത്തിയിൽ കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം മരിച്ച ഡോക്ടറുടേതല്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഡോക്ടറുടെ സഹോദരിയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പൊലീസുകാരനും ടെക്കിക്കുമെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ പുതിയ കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.
യുവ ഡോക്ടറുടെ കൈപ്പത്തിയിൽ കണ്ടെത്തിയ കുറിപ്പ് മറ്റാരോ എഴുതിയതാണെന്ന് സഹോദരി സംശയം പ്രകടിപ്പിച്ചു. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസ് വഴിതിരിച്ചുവിടാൻ മനപ്പൂർവം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ വെളിപ്പെടുത്തൽ. സംഭവത്തിൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. പ്രതിപക്ഷം സംഭവത്തിൽ സമഗ്രവും പഴുതടച്ചതുമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പാർട്ടി നേതാവ് സുഷമ അന്ധാരെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബന്ധുക്കൾ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചു. ഡോക്ടറുടെ മരണശേഷം അവരുടെ കൈപ്പത്തിയിൽ മറ്റാരോ എഴുതിയിരിക്കാൻ സാധ്യതയുണ്ടെന്നും, മരിച്ച ഡോക്ടർ മുമ്പ് പൊലീസിനും സീനിയർ ഡോക്ടർക്കും നൽകിയ പരാതികളിലെ കൈയ്യക്ഷരവുമായി കൈപ്പത്തിയിലെ കുറിപ്പിലെ കൈയ്യക്ഷരത്തിന് സാമ്യമില്ലെന്നും സുഷമ അന്ധാരെ ചൂണ്ടിക്കാട്ടി.
കേസിന്റെ ഇതുവരെയുള്ള പുരോഗതിയിൽ ദുരൂഹതയുണ്ടെന്ന് സുഷമ അന്ധാരെ ആരോപിച്ചു. പ്രതികളായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രശാന്ത് ബങ്കറും പൊലീസ് ഇൻസ്പെക്ടർ ഗോപാൽ ബദാനെയും ഒളിവിൽ പോയ ശേഷം പൊലീസിന് മുന്നിൽ കീഴടങ്ങിയ രീതി സംശയാസ്പദമാണെന്ന് അവർ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കാൻ വ്യക്തമായ പദ്ധതി നടക്കുന്നുണ്ടെന്നും, ബിജെപി നേതാവും മുൻ എംപിയുമായ രഞ്ജിത് സിങ്ങിന്റെ പേരും കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡോക്ടറെ അവരുടെ കുടുംബപ്പേര്, ജന്മസ്ഥലം, ജാതി എന്നിവ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ അപമാനിക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചു. സത്താറയിലെ ഫൽത്താനിലെ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്ന 26-കാരിയാണ് ജീവനൊടുക്കിയത്. യുവതി ആരോപിച്ച സബ് ഇന്‍സപക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം, അറസ്റ്റിലായ ടെക്കി യുവാവ് ഡോക്ടറുടെ വീട്ടുടമയുടെ മകനാണെന്നും ഇയാൾക്കെതിരെ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങളുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ . ഡോക്ടർ സ്ഥിരമായി യുവാവിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. യുവാവിന്റെ ഫോൺവിളി വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം ഡെങ്കി ബാധിച്ച് നാട്ടിലെത്തിയ സഹോദരനെ ചികിത്സിച്ചത് ഡോക്ടറാണെന്നും, പിന്നീട് ഇരുവരും പരസ്പരം ഫോൺ നമ്പറുകൾ കൈമാറിയതായും സഹോദരി പറഞ്ഞു. 15 ദിവസം മുൻപ് ഡോക്ടർ സഹോദരനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അദ്ദേഹം അത് നിരസിച്ചതായും അവർ വെളിപ്പെടുത്തി. വിവാഹം നടത്താൻ ഡോക്ടർ നിർബന്ധിച്ചിരുന്നതായും ശാരീരികബന്ധത്തിന് തയ്യാറാകാൻ സമ്മർദ്ദം ചെലുത്തിയതായും യുവാവ് പോലീസിന് മൊഴി നൽകിയിയിരുന്നു.
ദീപാവലി ആഘോഷത്തിനിടെ ഡോക്ടറെ അസ്വസ്ഥയായി കണ്ടിരുന്നു. എന്നാല്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങളായിരിക്കുമെന്നാണ് കരുതിയത്. അവള്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു. എന്റെ അമ്മ സ്വന്തം മകളെപ്പോലെയാണ് ഡോക്ടറെ നോക്കിയിരുന്നതെന്നും യുവാവിന്റെ സഹോദരി പറഞ്ഞിരുന്നു.
