മുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹമായി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; സ്ത്രീധനത്തിന്റെ പേരില്‍ 'മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി'യെന്ന് വെളിപ്പെടുത്തല്‍; വിവാഹ വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിയുടെ മരണം; കേസില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
മുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹമായി മരിച്ച സംഭവം കൊലപാതകം
മുംബൈ: മുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റില്‍. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. പശ്ചിമ ഖാര്‍ സ്വദേശിനിയായ നേഹ ഗുപ്തയാണ് മരിച്ചത്. വിവാഹ വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് യുവതിയുടെ മരണം. തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുകയാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്നും മരണത്തിന് മുമ്പ് യുവതി മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഭര്‍ത്താവ് അരവിന്ദ് ഗുപ്ത ഉള്‍പ്പെടെ ആറ് പേരെ കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്. നേഹ ഗുപ്തയെ 2025 ഒക്ടോബര്‍ 16-ന് രാത്രിയാണ് അസ്വസ്ഥതകളോടെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുറച്ചു കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം യുവതി കുഴഞ്ഞുവീണു. ഉടന്‍ തന്നെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അരവിന്ദ് ഗുപ്തയും നേഹയും 2024 നവംബര്‍ 16-നാണ് വിവാഹിതരായത്. തന്റെ മകളെ വിവാഹ ശേഷം ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നു എന്ന് നേഹയുടെ പിതാവ് രാധേശ്യാം ഗുപ്ത പൊലീസിന് മൊഴി നല്‍കി. വിവാഹ സമയത്ത് സ്വര്‍ണ്ണാഭരണങ്ങളായി 28 ലക്ഷം രൂപയുടെ സമ്മാനങ്ങളും, 9 ലക്ഷം രൂപ പണമായും മറ്റ് വീട്ടുപകരണങ്ങളായും നല്‍കിയിരുന്നു. എന്നിട്ടും അരവിന്ദ് ഗുപ്തയുടെ കുടുംബം കൂടുതല്‍ പണവും ഒരു റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളും ആവശ്യപ്പെട്ട് പീഡനം തുടര്‍ന്നു.
ഇതിനു വഴങ്ങാന്‍ നേഹ തയ്യാറാവാതിരുന്നതോടെ പീഡനം തുടര്‍ന്നു. തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയിരുന്നു എന്നും ഇത് കാരണം ഇടയ്ക്കിടെ ബോധം കെട്ട് വീഴാറുണ്ടായിരുന്നെന്നും നേഹ മാതാപിതാക്കളോട് പറഞ്ഞിരുന്നതായി കുടുംബം ആരോപിച്ചു. കൂടാതെ, തനിക്ക് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്നും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നും നേഹ പറഞ്ഞതായി പിതാവ് പൊലീസിനെ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂര്‍ സ്വദേശിയായ അരവിന്ദ് ഗുപ്ത മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം, വിഷം നല്‍കി മുറിവേല്‍പ്പിക്കല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും പോലീസ് അറിയിച്ചു.
