ചായ കൊടുത്ത ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നു, മരക്കൊമ്പ് ചാരി മതില്‍ ചാടി; കുതിരവട്ടത്ത് പോലീസിനെ 'ഫ്‌ലാറ്റാക്കി' കൊലയാളി വിനീഷിന്റെ എസ്‌കേപ്പ്! ഓരോ മണിക്കൂറിലും പരിശോധന നടന്നിട്ടും പത്ത് ദിവസത്തെ തുരക്കല്‍ ആരും അറിഞ്ഞില്ലേ? ദൃശ്യയുടെ കുടുംബം കടുത്ത ഭീതിയില്‍; നാല് ദിവസമായിട്ടും പിടികൊടുക്കാതെ വിനീഷ്

നാല് ദിവസമായിട്ടും പിടികൊടുക്കാതെ കുതിരവട്ടത്ത് നിന്ന് ചാടിയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ്

Update: 2026-01-02 13:36 GMT

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് നാലുദിവസം പിന്നിട്ടിട്ടും വിവരമൊന്നുമില്ല. കഴിഞ്ഞ ഡിസംബര്‍ 29-ന് രാത്രിയോടെയാണ് വിനീഷ് സെല്ലിന്റെ ഭിത്തി തുരന്ന് പുറത്ത് കടന്നത്. ചായ കുടിക്കാന്‍ നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് പത്തു ദിവസത്തോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഭിത്തിയില്‍ ദ്വാരമുണ്ടാക്കി ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. നാല് ദിവസമായിട്ടും വിനീഷിനെ കണ്ടെത്താനാകാത്തത് ദൃശ്യയുടെ കുടുംബത്തില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചായ കുടിക്കാന്‍ നല്‍കിയ ഗ്ലാസ് ഉപയോഗിച്ച് സെല്ലിലെ ശുചിമുറിയിലെ ടൈല്‍ ഇളക്കി അതിന് ശേഷം ഭിത്തി തുരക്കുകയായിരുന്നു. ടൈലുകള്‍ ഇളക്കിമാറ്റിയ ശേഷം ഭിത്തിയിലെ ചെങ്കല്ലുകള്‍ വെള്ളമൊഴിച്ച് നനച്ച് സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് അടര്‍ത്തിയെടുക്കുകയായിരുന്നു വിനീഷ്. പത്ത് ദിവസമെടുത്താണ് ഇയാള്‍ രക്ഷപ്പെടാനുള്ള വഴി ഒരുക്കിയത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലില്‍നിന്ന് പുറത്തുകടന്ന വിനീഷ്, ആശുപത്രി വളപ്പില്‍ ഉണങ്ങിക്കിടന്ന വലിയ മരക്കൊമ്പ് മതിലില്‍ ചാരിവെച്ചാണ് വന്‍ മതില്‍ മറികടന്നത്.

ഡിസംബര്‍ 29-ന് രാത്രി 11.40-ഓടെ പതിവ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് വിനീഷിനെ കാണാനില്ലെന്ന് അധികൃതര്‍ അറിയുന്നത്. എന്നാല്‍, ഇയാള്‍ എപ്പോഴാണ് ചാടിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, പകലാണോ രാത്രിയാണോ രക്ഷപ്പെട്ടതെന്നതില്‍ അവ്യക്തത തുടരുകയാണെന്നും പോലീസ് പറയുന്നു. പ്രതി സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം എത്തിച്ചേര്‍ന്നതെങ്കിലും, നിലവില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിനീഷിന്റെ സ്വദേശമായ പെരിന്തല്‍മണ്ണയിലോ ബന്ധുവീടുകളിലോ ഇയാള്‍ എത്തിയിട്ടില്ല. പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ലെന്നും, അവ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യം മൂലം 2021 ജൂണ്‍ 17-നാണ് വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷം വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. ഈ ആക്രമണത്തില്‍ തടയാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു. ഈ കേസില്‍ വിചാരണത്തടവുകാരനാണ് വിനീഷ്.

വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. 2022-ലും ഇയാള്‍ ഇവിടെ നിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് 2022-ല്‍ ആദ്യമായി കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്. അന്ന് കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പിന്നീട്, മാനസിക പ്രശ്‌നങ്ങള്‍ വീണ്ടും പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 10-നാണ് ഇയാളെ വീണ്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

ഓരോ മണിക്കൂറിലും പതിവ് പരിശോധനയുള്ള മുറിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. ഡിസംബര്‍ 29-ന് രാത്രി ഒമ്പത് മണി വരെ വിനീഷ് മുറിയിലുണ്ടായിരുന്നതായാണ് വിവരം. പിന്നീട് 11 മണിക്ക് പരിശോധനക്കെത്തിയപ്പോഴാണ് ഇയാളെ കാണാതായതായി കണ്ടെത്തിയത്.

Tags:    

Similar News