സ്വകാര്യ ബസില്‍ കയറി ഡ്രൈവറെ തല്ലി; ആക്രമണം നടത്തിയത് രണ്ട് തവണ; യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; സംഭവം പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍

Update: 2025-05-20 16:54 GMT

പത്തനംതിട്ട: നഗരമധ്യേ സ്വകാര്യ ബസിലെ ഡ്രൈവറെ ബസിനകത്ത് കയറി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് തെളിവായി എടുക്കുമെന്ന് പോലീസ് പറഞ്ഞു. അല്‍ അമീന്‍ എന്ന ബസിന്റെ ഡ്രൈവറായ രാജേഷാണ് അക്രമത്തിന് ഇരയായത്. കൊടുമണ്‍ സ്വദേശിയായ നിതിന്‍ ആണ് ഹെല്‍മെറ്റുപയോഗിച്ച് ഡ്രൈവറെ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. 20 മിനിറ്റിനിടെ രണ്ട് ആക്രമണങ്ങളാണ് ഇയാള്‍ക്ക് നേരെ ഉണ്ടായത്.

രണ്ട് ആക്രമണങ്ങളും നടന്നത് ചൊവ്വാഴ്ചയാണ്. വൈകിട്ട് 4.40ന്, പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്ധനം നിറയ്ക്കാനായുള്ള യാത്രക്കിടെയാണ് ആദ്യ ആക്രമണം. നിതിന്‍ ബസില്‍ കയറുകയും ഓടുന്ന വാഹനത്തിനകത്ത് രാജേഷിനേ ആക്രമിക്കുകയായിരുന്നു. രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ ഇടപെട്ടെങ്കിലും അക്രമം തടയാനായില്ല.

രണ്ടാമത്തെ ആക്രമണം നടന്നത് വൈകിട്ട് 5.05നാണ്. ബസ് സ്റ്റാന്‍ഡില്‍ എത്തി യാത്രക്കാരുമായി സീതത്തോട്ടിലേക്ക് പോകുകയായിരുന്ന ബസ് പത്തനംതിട്ടയിലെ കണ്ണങ്കര ജംഗ്ഷനില്‍ എത്തിയപ്പോഴാണ് രണ്ടാം വട്ട ആക്രമണം നടത്തിയത്. ബസിന്റെ മുന്‍വാതിലിലൂടെ കയറിയ നിതിന്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് വീണ്ടും രാജേഷിനെ മര്‍ദിക്കുകയായിരുന്നു. ഈ സമയം ബസ് യാത്രക്കാരാല്‍ നിറഞ്ഞിരുന്നു.

അക്രമം കണ്ട യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ പിടികൂടി മര്‍ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. രാജേഷിനും നിതിനും പരിക്കേറ്റതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ ജോലിസംബന്ധിയായ പ്രശ്‌നങ്ങള്‍ വഷളായതോടെയാണ് അക്രമം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News