ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത് ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച്; ഡിവൈഎസ്പി ഇടപെട്ടിട്ടും വിട്ടുനല്‍കാതെ വന്നതോടെ ജീവനൊടുക്കി 60കാരന്‍: പ്രതിഷേധിച്ച് നാട്ടുകാര്‍: എസ്‌ഐക്ക് സ്ഥലം മാറ്റം

ഡിവൈഎസ്പി ഇടപെട്ടിട്ടും ഓട്ടോറിക്ഷ വിട്ടുകിട്ടിയില്ല; ഡ്രൈവർ ജീവനൊടുക്കി

Update: 2024-10-08 00:45 GMT

കാസര്‍കോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ അഞ്ചു ദിവസം കഴിഞ്ഞും വിട്ടു നല്‍കിയില്ല. കടമെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേണപേക്ഷിച്ചിട്ടും ഓട്ടോ വിട്ടു നല്‍കാതിരുന്നതോടെ മധ്യ വയസ്‌ക്കാനായ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുല്‍ സത്താര്‍ (60) ആണ് മരിച്ചത്. ഓട്ടോ തിരികെ കിട്ടാത്തതില്‍ മനംനൊന്ത്, സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടശേഷമായിരുന്നു ആത്മഹത്യ.

ഇതോടെ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങി. സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലംമാറ്റി. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞു വെച്ചു. പിന്നീട് പണിമുടക്കി കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച നെല്ലിക്കുന്ന് ബീച്ച് റോഡ് ജംക്ഷനില്‍ വഴി തടസ്സപ്പെടുത്തി അബ്ദുല്‍ സത്താര്‍ ഓട്ടോ നിര്‍ത്തിയെന്ന് ആരോപിച്ചാണ് ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തത്. വായ്പയെടുത്തു വാങ്ങിയ ഓട്ടോ തിരികെ കിട്ടിയില്ലെങ്കില്‍ ഉപജീവനം മുടങ്ങുമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ കയറി ഇറങ്ങി എങ്കിലും വിട്ടുകൊടുക്കാന്‍ തയാറായില്ല. ഇതോടെ അബ്ദുല്‍ സത്താര്‍ മാനസികമായി തകര്‍ന്നു.

തുടര്‍ന്ന് ഡിവൈഎസ്പി സി.കെ.സുനില്‍കുമാറുമായി സംസാരിച്ചപ്പോള്‍ ഓട്ടോ തിരികെ നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ പുക പരിശോധിച്ചില്ല എന്നതുള്‍പ്പെടെയുള്ള കാരണം പറഞ്ഞ് പൊലീസ് ഓട്ടോ വിട്ടുനല്‍കിയില്ല. ഇതോടെയാണ് ഇദ്ദേഹം കുറിപ്പ് എഴുതിവെച്ച ശേഷം മനംനൊന്ത് ആത്മഹത്യ ചെയ്തത്.

ആരോപണവിധേയനായ കാസര്‍കോട് എസ്‌ഐ അനൂപിനെ ചന്തേര സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. അബ്ദുല്‍ സത്താര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് 3 വര്‍ഷമായി നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ സന. മക്കള്‍: ഷെയ്ഖ് അബ്ദുല്‍ ഷാനിസ്, ഷംന, ഹസീന.

Tags:    

Similar News