പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ഡിവൈഎഫ്‌ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം: പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പ്രമുഖരും, ലഹരിമരുന്ന് കേസിലെ പ്രതികളും; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ് രഹസ്യ അന്വേഷണ വിഭാഗം

Update: 2024-11-02 04:48 GMT

പത്തനംതിട്ട: ഡിവൈഎഫ്‌ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടറിയേറ്റംഗവുമായ റിയാസ് റഫീക്ക് പിറന്നാള്‍ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികള്‍ക്കൊപ്പമാണെന്ന് ആരോപണം. പിറന്നാള്‍ ആഘോഷത്തില്‍ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെയും പ്രതികള്‍ പങ്കെടുത്തെന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യ അന്വേഷണ വിഭവഗം അന്വേഷണം ഊര്‍ജിതമാക്കി. പരിപാടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തില്‍ സിപിഎം-എസ്എഫ്‌ഐ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഇന്നലെയായിരുന്നു ഡിവൈഎഫ്‌ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീഖിന്റെ പിറന്നാള്‍. പറക്കോട് ടൗണില്‍ കിടിലന്‍ ആഘോഷമാണ് നടന്നത്. കേക്കു മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ആഘോഷത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവും പറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തിരുന്നു.

എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര്‍ നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവരാണ് ആഘോഷത്തിന് മുന്‍ നിരയിലുണ്ടായിരുന്ന പ്രമുഖര്‍. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുല്‍. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മല്‍.

തിരുനെല്‍വേലി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം, അജ്മല്‍ പങ്കെടുത്ത പ്രധാന പരിപാടിയും ഇതായിരുന്നു. പറക്കോട് മേഖലയിലെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു. അതേസമയം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലര്‍ ആഘോഷത്തില്‍ വന്നു ചേര്‍ന്നതാണെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു.

Tags:    

Similar News