ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബംഗളുരു കേന്ദ്രീകരിച്ച് കള്ളപ്പണം ഇടപാടുകള്‍; ഇഡി മലകയറിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് സിപിഎം; കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി; 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി വ്യക്തമാക്കിയതോടെ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരും ഇഡി പേടിയില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബംഗളുരു കേന്ദ്രീകരിച്ച് കള്ളപ്പണം ഇടപാടുകള്‍; ഇഡി മലകയറിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് സിപിഎം; കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി; 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി വ്യക്തമാക്കിയതോടെ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരും ഇഡി പേടിയില്‍

Update: 2025-12-04 02:35 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ വിഷയം അന്വേഷിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെ ഇ.ഡി അന്വേഷണത്തിന് സാധ്യത ഉരുത്തിരിഞ്ഞിരിക്കയാണ്. ഇതോടെ ആശങ്കയുടെ നിഴലിലാണ് സിപിഎമ്മും സര്‍ക്കാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്് വിപുലമായ പദ്ധതികള്‍ ഉള്ള ബിജെപിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണം എത്തിയാല്‍ അത് വലിയ സാധ്യതയാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെ മുതലെടുപ്പിനെ ഭയക്കുകയാണ് സിപിഎം.

സ്വര്‍ണക്കൊള്ള കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്രര്‍ ചെയ്ത എഫ്.ആര്‍.ആറിന്റെ പകര്‍പ്പും മൊഴികളും കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വാദവും കേട്ടശേഷം മജിസ്‌ട്രേറ്റ് കോടതി ഉചിതമായ തീരുമാനമെടുക്കണം.

സ്വര്‍ണക്കൊള്ളയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന സംശയമാണ് ഇ.ഡിക്ക്. നിലവില്‍ പ്രത്യേക അന്വേഷണ സംഘം അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതോടൊപ്പമാകും കള്ളപ്പണ ഇടപാടും അന്വേഷിക്കുക. ഇതിന് കോടതിയുടെ അനുമതി കിട്ടിയാല്‍ ഇഡി പരിശോധനകളിലേക്ക് നീങ്ങും. ഇഡിയുടെ രംഗപ്രവേശം സിപിമ്മിനെ ശരിക്കും ആശങ്കയിലാക്കുന്നുണ്ട്.

ഇ.ഡി വന്നാല്‍ സര്‍ക്കാരും സി.പി.എമ്മും പ്രതിക്കൂട്ടിലാവും. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന ആശങ്കയിലാണ് പാര്‍ട്ടി. സര്‍ക്കാരിനെയാകെ സംശയ മുനയില്‍ നിറുത്താന്‍ ശ്രമിക്കുമെന്നാണ് ഭയത്തിന് അടിസ്ഥാന കാരണം. ഇത് കൂടാതെ 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതോടെ, ഇപ്പോള്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെയും ഇ.ഡി തിരിയാന്‍ സാദ്ധ്യതയുണ്ട്. സര്‍ക്കാരിലും കരിനിഴല്‍ വീഴും.

അതേസമയം, 2014 മുതല്‍ 2025 വരെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിശോധിക്കേണ്ടതിനാല്‍ എസ്.ഐ.ടിക്ക് കേസന്വേഷണത്തിന് കോടതി ഒന്നര മാസം നീട്ടി നല്‍കി. അന്വേഷണം തൃപ്തികരമാണെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.അന്വേഷണ സംഘത്തിന് കോടതി നേരത്തേ അനുവദിച്ച ആറാഴ്ച സമയം അവസാനിച്ചിരുന്നു. പുരോഗതി റിപ്പോര്‍ട്ട് എസ്.ഐ.ടി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.

ഹൈക്കോടതി മേല്‍നോട്ടം വഹിക്കുന്ന സെന്‍സിറ്റീവ് കേസാണെന്ന പരാമര്‍ശത്തോടെയാണ് ഇ.ഡിയുടെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തള്ളിയിരുന്നത്.അതിനെതിരെ ഇ.ഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസി. ഡയറക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്.എഫ്.ഐ.ആറും മറ്റും പൊതുരേഖയാണെന്നും ഇ.ഡി. വാദിച്ചു.കൃത്യമായ കാരണങ്ങളും വസ്തുതകളും വിവരിച്ച് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്.പി.ശശിധരന്‍ കോടതിയില്‍ നേരിട്ടെത്തി. അന്വേഷണ പുരോഗതി ഉള്‍പ്പെടുത്തി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവരുടെ അറസ്റ്റ് , ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ അടച്ചിട്ട മുറിയില്‍ എസ്പി കോടതിയെ അറിയിച്ചു, അന്വേഷണ നിര്‍ണായക ഘട്ടത്തിലാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയതോടെ അന്വേഷണത്തിന് ഒരു മാസം കൂടി അനുവദിച്ചത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്കടക്കം അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് പുറമെ ഇഡിയും സ്വര്‍ണക്കൊള്ളയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. ഇഡിയുടെ അന്വേഷണത്തെ കോടതി തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇഡിയുടെ പുതിയ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 3700/25 നമ്പര്‍ ദ്വാരപാലക കേസിലും 3701/25 നമ്പര്‍ കട്ടിളപ്പാളി കേസിലും ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പൂര്‍ണമായും ചോദ്യം ചെയ്തിട്ടില്ല. 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസ്, വിജയകുമാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിലും അലംഭാവം പ്രകടമായി. ശങ്കരദാസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ എസ്ഐടിക്കു മേല്‍ സ്വാധീനം ചെലുത്തുന്നെന്ന പ്രചാരണവും ശക്തമായിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം വന്നതിനാലാണ് പാളികള്‍ അഴിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിടാന്‍ താന്‍ അനുമതി നല്കിയതെന്ന എ. പത്മകുമാറിന്റെ മൊഴിയും എസ്ഐടിയെ വെട്ടിലാക്കി. മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടന്നില്ല. പാളികള്‍ സ്വര്‍ണം പൂശാന്‍ തന്നെ അനുവദിക്കണമെന്നു കാട്ടി പോറ്റി ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ച കത്തിനെപ്പറ്റിയും എസ്ഐടി അന്വേഷിച്ചില്ല. ഇതിലേക്ക് അടക്കം വിശദമായ അന്വേഷണം നടക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    

Similar News