ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് പുറമേ മാത്യു കുഴല്‍നാടന് എതിരെ ഇഡി അന്വേഷണവും; ഇഡി പരിശോധിക്കുന്നത് റിസോര്‍ട്ട് കൈമാറ്റത്തിലെ കള്ളപ്പണ ഇടപാടുകള്‍; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് എം എല്‍ എ

മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം

Update: 2025-07-29 10:42 GMT

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കും.

50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്നാണ് കേസ്. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി നടപടിക്കൊരുങ്ങുന്നത്. നിലവില്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. കേസില്‍ ആകെ 21 പ്രതികളാണുള്ളത്. സ്ഥലത്തിന്റെ മുന്‍ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും കയ്യേറ്റമെന്നറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങള്‍ ചുമത്തി വിജിലന്‍സ് റെജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. റിസോര്‍ട്ട് കൈമാറ്റത്തിലെ കള്ളപ്പണമിടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. വിജിലന്‍സ് കേസിലെ എട്ടാംപ്രതി ജെയ്‌മോന്‍ ജോസഫ്, ഒന്‍പതാം പ്രതി യൂസഫ്, പത്താം പ്രതി ജെന്നിഫര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തു. മുന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.കെ. ഷാജിയാണ് വിജിലന്‍സ് കേസിലെ ഒന്നാംപ്രതി. കുഴല്‍നാടന്‍ എംഎല്‍എ പതിനാറാം പ്രതിയാണ്. ചിന്നക്കനാല്‍ വില്ലേജില്‍ 34/1 സര്‍വെ നമ്പറില്‍ ഉള്‍പ്പെട്ട ഭൂമിയോട് ചേര്‍ന്നുള്ള അന്‍പത് സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചത്.

ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. ആരോപണങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Tags:    

Similar News