ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും പിടികൂടിയത് രണ്ട് ആനക്കൊമ്പുകള്‍; സംഭവത്തില്‍ എട്ട് പേര്‍ പിടിയില്‍; പിടിയിലായത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ; ആനക്കൊമ്പ് പിടികൂടാന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം അധികൃതരെത്തിയത് വ്യാപാരികളെന്നപേരില്‍

Update: 2025-03-20 04:07 GMT

നിലമ്പൂര്‍: എടക്കരയിലെ ഒരു കടയില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം രണ്ട് ആനക്കൊമ്പുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായത്. പിടിയിലായവരെ വനം വകുപ്പിന് കൈമാറി. അരുണ്‍ (37) കൊടുങ്ങല്ലൂര്‍ കൂളിമുട്ടം, ഫദിലുര്‍ റഹ്‌മാന്‍ (35) മേലാറ്റൂര്‍ പാതിരിക്കോട്ട്, കബീര്‍ (52) മൂത്തേടം കാരപ്പുറം അടുക്കത്ത് വീട്ടില്‍ (കടയുടമ), റിസ്വാന്‍ (23) കബീറിന്റെ മകന്‍, കെ. നൗഷാദ് (35) പാലേമാട് കരിമ്പനവീട്ടില്‍, അബ്ദുള്‍സലാം (56) എടക്കര മില്ലുംപടി, എസ്. ഗോകുല്‍ (32) തൃശൂര്‍ കൊടകര, മനോജ് (44) പാലേമാട് ഉള്ളാട്ടില്‍ എന്നിവരെയാണ് പിടികൂടിയത്.

പിടിച്ചെടുത്ത കൊമ്പുകളില്‍ ഒന്നിന് 16.45 കിലോഗ്രാമും മറ്റേതിന് 15 കിലോഗ്രാമുമാണ് തൂക്കം. വില്‍പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. പ്രതികളെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വനം വകുപ്പിന് കൈമാറി. കേസിന്റെ തുടര്‍ന്വേഷണം വനം വകുപ്പ് നടത്തും. ചെന്നൈ, കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള 15-ഓളം അംഗങ്ങളുള്ള ഡിആര്‍ഐ സംഘം സംയുക്തമായാണ് റെയ്ഡ് നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായവരെ എടക്കരയില്‍നിന്ന് നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിലേക്കു മാറ്റിയിട്ടുണ്ട്.

നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ കേസിന്റെ പിന്നാമ്പുറം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. അറസ്റ്റിലായവരുടെ ബന്ധങ്ങളെയും കൊമ്പുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്നും വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എടക്കരയിലെ വ്യാപാരസ്ഥാപനത്തില്‍നിന്ന് ആനക്കൊമ്പ് പിടികൂടാന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം അധികൃതരെത്തിയത് വ്യാപാരികളെന്നപേരില്‍. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് പാലസെന്ന സ്ഥാപനത്തില്‍ ഉച്ചയോടെയാണ് സംഘം എത്തിയത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആനക്കൊമ്പിന്റെ ഉടമകളും ഏജന്റുമാരും ഉണ്ടായിരുന്നു. 31.45 കിലോ വരുന്ന രണ്ട് കൊമ്പുകള്‍ ചാക്കില്‍ക്കെട്ടി ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്.

സമീപകാലത്ത് നിലമ്പൂര്‍ വനമേഖലയില്‍നിന്ന് പിടികൂടിയ വലിയ ആനക്കൊമ്പ് വേട്ടയാണ് എടക്കരയിലേതെന്ന് അധികൃതര്‍ പറഞ്ഞു. വനംവകുപ്പിന്റെ നെല്ലിക്കുത്ത്, പോത്തുകല്ല്, കാഞ്ഞിരപ്പുഴ റെയ്ഞ്ച് ഓഫീസ് പരിധിയിലുള്ള ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു. ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകീട്ട് ആറോടെയാണ് അവസാനിച്ചത്.

Tags:    

Similar News