കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒന്നേ മുക്കാല്‍ ലക്ഷം; തട്ടിപ്പ് പുറത്തായത് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ അന്വേഷിച്ചെത്തിയപ്പോള്‍: വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വ്യാജ ഡോക്ടർ പിടിയിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശികളായ രണ്ടു പേരെ കബളിപ്പിച്ച് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് വ്യാജനെ പോലിസ് പിടികൂടിയത്. പള്ളിക്കത്തോട് സ്വദേശിയായ യുവാവാണു പാലാ പൊലീസിന്റെ പിടിയിലായത്.
സംഗതി കേസ് ആയതോടെ വാങ്ങിയ പണം തട്ടിപ്പുകാരന്‍ തിരികെക്കൊടുത്തു. ഇതോടെ കേസ് ഒത്തുതീര്‍പ്പാവുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ മനോരോഗ വിഭാഗത്തിലെ ഡോക്ടറാണെന്നാണു തട്ടിപ്പുകാരന്‍ ഉദ്യോഗാര്‍ഥിയെ വിശ്വസിപ്പിച്ചത്. ഗ്രേഡ് 2 തസ്തികയില്‍ പ്രതിമാസം 44,000 രൂപ ശമ്പളത്തില്‍ ജോലി വാങ്ങിനല്‍കാമെന്നായിരുന്നു വാഗ്ദാനം.
പല തവണയായി പണം വാങ്ങിയശേഷം സൂപ്രണ്ട് ജനറലിന്റെ വ്യാജ ഒപ്പും മുദ്രയും ഉപയോഗിച്ചുള്ള നിയമന ശുപാര്‍ശക്കത്തും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാര്‍ഥി കോട്ടയം മെഡിക്കല്‍ കോളജിലെത്തി വിവരം തിരക്കിയതോടെയാണു തട്ടിപ്പു പുറത്തായത്.