ആയുര്‍വേദ ഡോക്ടറെന്ന് അവകാശവാദം; രോഗികള്‍ക്ക് നല്‍കുന്നത് ഇംഗ്ലിഷ് മരുന്നുകള്‍; സ്റ്റിറോയ്ഡുകളടക്കം ഇഞ്ചക്ഷനുമെടുക്കും; കുടുംബ ഡോക്ടറായി വിലസിയ വ്യാജന്‍ കുടുങ്ങിയത് രോഗിക്ക് തോന്നിയ സംശയത്തില്‍

കുടുംബ ഡോക്ടറായി വിലസിയ വ്യാജന്‍ കുടുങ്ങിയത് രോഗിക്ക് തോന്നിയ സംശയത്തില്‍

Update: 2025-08-10 06:22 GMT

ബെംഗളൂരു: കഴിഞ്ഞ പത്ത് വര്‍ഷമായി 'കുടുംബ ഡോക്ടറെന്ന്' രോഗികളെ വിശ്വസിപ്പിച്ച് കബളിപ്പിച്ച വ്യാജ ഡോക്ടര്‍ ഒടുവില്‍ കുടുങ്ങി. ബെംഗളൂരു ദൊഡ്ഡകനഹള്ളിയിലാണ് മുനീന്ദ്രാചാരി എന്ന വ്യാജ ഡോക്ടര്‍ 'ഹെല്‍ത്ത് ലൈന്‍ പോളി ക്ലിനിക്' എന്ന പേരില്‍ ചികില്‍സ നടത്തി വന്നത്. പനിയും തലവേദനയും മുതല്‍ സാരമായ രോഗങ്ങള്‍ക്ക് വരെ മുനീന്ദ്രാചാരിയെ കണ്ട് മരുന്ന് വാങ്ങി കഴിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാര്‍ച്ച് മാസം ഡോക്ടറെ കാണാനെത്തിയ ഒരു രോഗിക്ക് തോന്നിയ സംശയമാണ് പിടി വീഴാന്‍ കാരണമായത്.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ആയുര്‍വേദ ഡോക്ടറാണെന്ന് പറയുന്ന മുനീന്ദ്ര, ഇംഗ്ലിഷ് മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കി വരുന്നതെന്നും സ്റ്റിറോയ്ഡുകളടക്കമുള്ള ഇഞ്ചക്ഷനുമെടുക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ഇവിടെ നിന്നും കുത്തിവെപ്പ് എടുത്ത് മടങ്ങിയതിന് പിന്നാലെ ശാരീരികാവസ്ഥ വഷളായതിനെ തുടര്‍ന്ന് തനിക്ക് ചികില്‍സ തേടേണ്ടി വന്നുവെന്ന് രോഗി പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയില്‍മേല്‍ കെ.ആര്‍.പുര താലൂക്ക് ഹെല്‍ത്ത് ഓഫിസര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചു.

രണ്ട് ഡോക്ടര്‍മാരുടെ പേരിലാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നതെന്ന് ഡോ.രഘുനാഥിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ ഒരാള്‍ എംബിബിഎസും എംഡിയുമുള്ള ഡോക്ടറാണെന്നും ഫാമിലി ഫിസിഷ്യനായ മുന്ദീന്ദ്രയുമാണ് ആശുപത്രിയുടെ നടത്തിപ്പുകാരെന്നാണ് രേഖകളില്‍ ഉള്ളത്. ക്ലിനിക്കിന്റെ ലെറ്റര്‍ ഹെഡും മുനീന്ദ്രയുടെ പേരിലാണ്. ഇതോടെ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ രേഖ നല്‍കാന്‍ മുനീന്ദ്ര തയ്യാറായില്ല.

2023 ല്‍ ആയുര്‍വേദ ക്ലിനിക് ആയിട്ടാണ് ഇത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും 2028 വരെ കാലാവധിയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെന്നറിഞ്ഞതിന് പിന്നാലെ മുനീന്ദ്ര ഒളിവില്‍ പോയി. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News