മര്യാദക്ക്..വീട്ടിലെ പണികളിൽ മുഴുകിയിരുന്ന ആ കുടുംബം; പെട്ടെന്ന് അതുവഴി വന്ന നാലുപേരുടെ വരവിൽ മുഴുവൻ ബഹളം; ജിം ഉടമയെ വലിച്ച് റോഡിലിട്ട് അടിച്ചുനുറുക്കി; കാരണം കേട്ട് ഞെട്ടൽ
ഡൽഹി: ഡൽഹിയിലെ ലക്ഷ്മി നഗറിൽ ജിം ഉടമയായ രാജേഷ് ഗാർഗിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി രണ്ടിന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണി നടക്കുന്നതിനിടെയാണ് രാജേഷ് ഗാർഗിനും മകനും തടയാനെത്തിയ ഭാര്യക്കും നേരെ ആക്രമണമുണ്ടായത്.
രാജേഷ് ഗാർഗിന്റെ ജിമ്മിലെ കെയർ ടേക്കറായ സതീഷ് യാദവും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജിമ്മിൽ തനിക്കും പങ്കാളിത്തമുണ്ടെന്ന് സതീഷ് യാദവ് അവകാശപ്പെടുന്നു. ഇവർ തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു.
നാല് പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവർ നിന്നിരുന്ന ബേസ്മെന്റിൽ നിന്നും ഗാർഗിനെയും കുടുംബത്തെയും റോഡിലേക്ക് വലിച്ചിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. സംഭവത്തിൽ വികാസ് യാദവ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.