ഓണ്‍ലൈൻ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം നൽകി നോയ്ഡ സ്വദേശിനിയെ ബന്ധപ്പെട്ടത് ടെലഗ്രാമിലൂടെ; ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായത് രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി; വൈത്തിരിക്കാരൻ വിഷ്ണു കുഴല്‍പ്പണം തട്ടിപ്പ് കേസിലും പ്രതി
കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ പിടിയിലായത് രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ വയനാട് സ്വദേശി. വൈത്തിരി ചുണ്ടേല്‍ കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു (27)ആണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയില്‍ നിന്ന് പണം തട്ടിയ കേസിൽ വയനാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവുമാൻ പ്രതിയെ പിടികൂടിയത്. 2025 സെപ്തംബര്‍ 15-നാണ് നോയിഡ സ്വദേശിനിയില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയത്.
2025 സെപ്റ്റംബറിലാണ് സംഭവം. തട്ടിപ്പുകാര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലിരുന്ന് ടെലഗ്രാമിലുടെ നോയിഡ സ്വദേശിനിയെ നിരന്തരം ബന്ധപ്പെട്ട് വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 401,117 രൂപയാണ് ഇവരില്‍ നിന്ന് തട്ടിയെടുത്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ ലഭിച്ച 1,55,618 രൂപ ചുണ്ടേല്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും ചെക്ക് വഴി വിഷ്ണു പിന്‍വലിച്ചു.
ഇയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 2025 ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തോളം രൂപ ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആ പണം ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകോപനം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. വൈത്തിരി പൊലീസുകാരുള്‍പ്പെട്ട കുഴല്‍പ്പണം തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരുന്നയാള്‍ കൂടിയാണ് പ്രതി.