ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ നെറ്റ്‌വർക്കിൽ കടന്നുകയറി; നിർമിച്ചത് 146 വ്യാജ റേഷൻകാർഡുകൾ; തട്ടിപ്പ് പുറത്ത് വന്നത് ചില റേഷൻ കാർഡ് ഉടമകൾക്ക് വന്ന മെസേജുകളിൽ തോന്നിയ സംശയത്തിലെ അന്വേഷണത്തിൽ; പിടിയിലായത് ബീമാപള്ളിയിലെ റേഷൻകടക്കാരൻ സഹദ് ഖാൻ

Update: 2025-11-23 01:14 GMT

തിരുവനന്തപുരം: വ്യാജ മുൻഗണനാ റേഷൻ കാർഡുകൾ നിർമ്മിച്ച് പണം തട്ടിയ കേസിൽ തിരുവനന്തപുരം ബീമാപള്ളിയിലെ റേഷൻ കട ഉടമയായ സഹദ് ഖാൻ (32) അറസ്റ്റിലായി. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നെറ്റ്‌വർക്കിൽ കടന്നു കയറി നൂറ്റിയൻപതോളം വ്യാജ മുൻഗണനാ റേഷൻ കാർഡുകൾ ഇയാൾ നിർമ്മിച്ചു നൽകിയതായി കണ്ടെത്തി. വഞ്ചിയൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ നിരവധി മാനദണ്ഡങ്ങളുള്ളതിനാൽ, ഈ കടമ്പകൾ ഒഴിവാക്കി പണം നൽകിയാൽ കാർഡ് ശരിയാക്കി നൽകാമെന്ന് ഇയാൾ സാധാരണ വിഭാഗത്തിലുള്ള വെള്ള, നീല കാർഡ് ഉടമകൾക്ക് വാഗ്ദാനം ചെയ്തു. അപേക്ഷ സ്വീകരിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌വേഡും ഡേറ്റാബേസിലെ വിവരങ്ങളും ചോർത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിലവിലുള്ള ഒരു മുൻഗണനാ കാർഡ് ഉടമയുടെ കാർഡിൽ ആദ്യം അപേക്ഷകനെ ഒരംഗമായി ചേർക്കും.

അംഗമായി പേര് അപ്‌ഡേറ്റ് ചെയ്ത ശേഷം, പുതിയ കാർഡിനുള്ള അപേക്ഷ നൽകും. മുൻഗണനാ കാർഡിലെ ഒരംഗം അപേക്ഷിക്കുമ്പോൾ പുതിയ കാർഡിനും മുൻഗണനാ പദവി ലഭിക്കും. ഈ അപേക്ഷകൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓൺലൈൻ വഴിയാണ് നൽകുകയും അനുമതി വാങ്ങുകയും ചെയ്തത്. ഇതുവഴി കാർഡുകൾ എളുപ്പത്തിൽ ആക്ടീവാക്കാനും സാധിക്കും.

ഇത്തരത്തിൽ ഇയാളും സംഘവും ചേർന്ന് 146 വ്യാജ റേഷൻ കാർഡുകൾ നിർമ്മിച്ചതായാണ് വിവരം. ചില കാർഡ് ഉടമകൾക്ക് വന്ന മൊബൈൽ സന്ദേശങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ റേഷൻ കട ഉടമയെ പോലീസ് പിടികൂടുകയായിരുന്നു.

Tags:    

Similar News