ഭർത്താവിന് വിദേശത്ത് ഗോൾഡ് ബിസിനസ്സാണ് സ്വർണവും, ഐ ഫോണും കുറഞ്ഞ വിലക്ക് നാട്ടിലെത്തിക്കാം; കണ്ണൂരുകാരിയുടെ മോഹ വാഗ്ദാനത്തിൽ വീണവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ബിസിനസുകാരെപ്പോലും കബളിപ്പിച്ച ഷമീമയുടെ 'മലേഷ്യൻ സ്വർണ്ണക്കഥ'

Update: 2025-05-13 08:11 GMT

പാലക്കാട്: വിദേശത്ത് നിന്നും കൊണ്ട് വന്ന സ്വർണാഭരണങ്ങൾ കുറഞ്ഞ് വിലക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. കണ്ണൂർ ചാലാട് സ്വദേശിയായ തുഷാർ ടി കെ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയായ ഷമീമയാണ് കേസിലെ മുഖ്യ പ്രതി. 10 ലക്ഷത്തിലേറെ രൂപയാണ് പരാതിക്കാരനിൽ നിന്നും ഷമീമ തട്ടിയത്. മലേഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ഐ ഫോൺ എത്തിച്ച് നൽകാമെന്ന് പറഞ്ഞും പ്രതി പണം തട്ടി. കിഡ്‌നി മാറ്റി വെക്കാനെന്ന വ്യാജേന കണ്ണൂർ സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയായിരുന്നു ഷമീമ.

2023ൽ ജിബിജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പരാതിക്കാരനായ തുഷാർ 12 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്‌ദാനത്തിലായിരുന്നു പണം നിക്ഷേപിച്ചത്. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലാഭമോ, മുതലോ തിരിച്ച് നൽകാൻ സ്ഥാപനത്തിനായില്ല. ജിബിജി നിധി ലിമിറ്റഡിൽ പണം നിക്ഷേപിച്ച് നിരവധി പേർ തട്ടിപ്പിനിരയായിരുന്നു. പള്ളിക്കുന്ന് ചാലാട് ഒരു അപ്പാർട്ട്മെന്റിലായിരുന്നു പരാതിക്കാരൻ താമസിച്ചിരുന്നത്. ഇതേ അപ്പാർട്ട്മെന്റിൽ താമസക്കാരിയായിരുന്നു കേസിലെ മുഖ്യ പ്രതി ഷമീമ. ഭർത്താവിന് മലേഷ്യയിൽ ജൂവലറി ബിസ്സിനസ്സ് ആണെന്നായിരുന്നു ഷമീമ പരാതിക്കാരനോട് പറഞ്ഞിരുന്നത്.

5 ലക്ഷം രൂപ നൽകിയാൽ ജിബിജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച തുക മുഴുവൻ തിരിച്ചെടുക്കൻ സഹായിക്കാമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി 5 ലക്ഷം രൂപയും ഇവർ കൈപ്പറ്റി. പഴയങ്ങാടിയിൽ ജി ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥായാണെന്നും ഷമീമ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഭർത്താവിന് മലേഷ്യയിൽ സ്വർണത്തിന്റെ ബിസിനസ്സ് ആയിരുന്നതിനാൽ കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ എത്തിച്ച് നൽകാമെന്നും ഇതിനായി 10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു. പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടും 10 ലക്ഷം രൂപ കൈക്കലാക്കിയത്.

മലേഷ്യയിൽ ഐ ഫോണിന് നികുതി കുറവാണെന്നും നാട്ടിൽ കിട്ടുന്നതിനേക്കാൾ വലിയ ലാഭത്തിൽ പ്രീമിയം ഫോണുകൾ ലഭിക്കുമെന്നും ഷമീമ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുറഞ്ഞ നിരക്കിൽ ഐ ഫോൺ പ്രോ മാക്സ് എന്ന മോഡൽ നൽകാമെന്നായിരുന്നു വാഗ്ദാനം. ഒന്നര ലക്ഷത്തോളം രൂപയായിരുന്നു ഫോണിന്റെ വില. എന്നാൽ ഇത് കുറഞ്ഞ നിരക്കിൽ എത്തിച്ച് നൽകാമെന്ന പേരിൽ 30,000 രൂപയും കൈപ്പറ്റി. എന്നാൽ ഫോണും, സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് പല തവണ ഷമീമയെ ബന്ധപ്പെട്ടെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. കൂടാതെ പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കുറഞ്ഞ വിലയ്ക്ക് മലേഷ്യയിൽ നിന്നും സ്വർണാഭരണങ്ങൾ കൊണ്ടുവന്ന് നൽകാമെന്ന പേരിൽ നിരവധി പേരെ പ്രതി തട്ടിപ്പിനിരയാക്കിയതായാണ് സൂചന. കിഡ്‌നി മാറ്റി വെക്കാനെന്ന വ്യാജേന കണ്ണൂർ സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയായിരുന്നു ഷമീമ. 2023ലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഷമീമ തട്ടിപ്പ് തുടരുകയായിരുന്നു. പ്രതി ഒളിവിലാണെന്നാണ് സൂചന.

Tags:    

Similar News