ചുമ്മാ..വീട്ടിലിരുന്നപ്പോൾ തോന്നിയ ആഗ്രഹം; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വീഡിയോകൾ കണ്ട് നേരംപോക്ക്; പെട്ടെന്നൊരു പരസ്യം കണ്ണിലുടക്കിയതും ഏഴിന്റെ പണി; ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി കൊടുംചതി; ജീപ്പ് നേരെ തിരുനെല്‍വേലിക്ക് വിട്ട് തൃശൂർ പോലീസ്

Update: 2025-11-07 07:32 GMT

തൃശൂർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 61-കാരനിൽ നിന്ന് 1.67 കോടി രൂപ തട്ടിയെടുത്ത കേസിൽ 29-കാരൻ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലിയാണ് തൃശൂർ റൂറൽ സൈബർ പോലീസ് പിടിയിലായത്. കല്ലേറ്റുംകര സ്വദേശിയായ രാജു (61)വിനെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.

ഗൂഗിളിൽ ഓൺലൈൻ ട്രേഡിംഗ് സംബന്ധമായ വീഡിയോകൾ കാണുന്നതിനിടെയാണ് രാജു ഒരു പരസ്യം കണ്ടത്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി. ഗ്രൂപ്പിലെ ട്രേഡിംഗ് ടിപ്പുകൾ കണ്ടതിനെത്തുടർന്ന്, ഗ്രൂപ്പ് അഡ്മിനായ ഷേയ്ക്ക് മുഹമ്മദ് അലി രാജുവുമായി ഫോണിൽ ബന്ധപ്പെട്ട് കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി. തുടർന്ന്, ട്രേഡിംഗിനായുള്ള ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിച്ചു.

ഇതിനുശേഷം, രാജുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഷേയ്ക്ക് മുഹമ്മദ് അലി പലപ്പോഴായി 1,06,75,000 രൂപ തട്ടിയെടുത്തു. താൻ നിക്ഷേപിച്ച പണവും ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ സർവീസ് ചാർജ് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് രാജു പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ 6,58,000 രൂപ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായും, ഇത് മറ്റ് പ്രതികൾക്ക് കൈമാറിയതായും പോലീസ് കണ്ടെത്തി. ഇതിന് കമ്മീഷനായി 15,000 രൂപ പ്രതി കൈപ്പറ്റിയിരുന്നു.

2025 ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് രാജുവിൽ നിന്ന് പണം തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് ഷേയ്ക്ക് മുഹമ്മദ് അലിയെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഓൺലൈൻ ട്രേഡിംഗിന് പേരിലുള്ള ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News