പട്ടാപ്പകല്‍ നടുറോഡില്‍ സിനിമാസ്‌റ്റൈല്‍ സ്വര്‍ണക്കവര്‍ച്ച; കോയമ്പത്തൂരില്‍ നിന്നും കാറില്‍ കൊണ്ടുവന്ന ആഭരണങ്ങള്‍ മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തി ആക്രമിച്ച് തട്ടിയെടുത്തു; പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ ആഭരണങ്ങള്‍ തട്ടിയെടുത്തു

Update: 2024-09-26 10:10 GMT

തൃശൂര്‍: തൃശൂരില്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ വന്‍ സ്വര്‍ക്കവര്‍ച്ച. സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നു. കോയമ്പത്തൂരില്‍ നിന്നും കാറില്‍ കൊണ്ടുവന്നിരുന്ന സ്വര്‍ണാഭരണങ്ങളാണ് ദേശീയപാത കുതിരാന് സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂച്ചട്ടിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് വാഹനം കണ്ടെത്തിയത്.

രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വര്‍ണമാലകളുമായി സഞ്ചരിച്ച സ്വര്‍ണ വ്യാപാരിയേയും സുഹൃത്തിനെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു ക്രിമിനല്‍ സംഘം കാറും സ്വര്‍ണവും തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാന്‍ അരുണ്‍ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സ്വര്‍ണ്ണ വ്യാപാരി വന്ന വാഹനവും അക്രമിസംഘം തട്ടിയെടുത്തിരുന്നു. ഈ വാഹനമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ പറ്റി സൂചനകള്‍ ഒന്നും ഇതുവരെയില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ - കുതിരാന്‍ പാതയില്‍ സിനിമ സ്‌റ്റൈലിലായിരുന്നു സ്വര്‍ണ മോഷണം. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അരുണിന്റെ കഴുത്തില്‍ കത്തിവച്ച ശേഷം സ്വര്‍ണം എവിടെയെന്നു പറയിക്കാന്‍ ചുറ്റിക കൊണ്ടു തുടയില്‍ പലവട്ടം മര്‍ദിച്ചു. കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തി. കവര്‍ച്ചാസംഘം എത്തിയ കാറുകളില്‍ ഇരുവരെയും കയറ്റി. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം സ്വര്‍ണം സഹിതം കാറുമായി പ്രതികള്‍ എറണാകുളം ദിശയിലേക്കു രക്ഷപ്പെട്ടു. സംഭവത്തില്‍ പീച്ചി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നലെ രാവിലെ 11.25നു ദേശീയപാതയില്‍ വഴുക്കുംപാറ കല്ലിടുക്കില്‍ നടന്ന സംഭവത്തെക്കുറിച്ചു പൊലീസിനു ലഭ്യമായ വിവരങ്ങളിങ്ങനെ: തൃശൂരില്‍ നിന്നു കോയമ്പത്തൂരിലെ ആഭരണനിര്‍മാണ ശാലയിലേക്കു സ്വര്‍ണം പണിയിക്കാന്‍ കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു അരുണും റോജിയും. 2.60 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലകളാണു വണ്ടിയിലുണ്ടായിരുന്നത്. സുരക്ഷാകാരണങ്ങളാല്‍ കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദേശീയപാതയിലൂടെ ഏറെനേരമായി ഇവരുടെ വണ്ടിയെ 3 കാറുകള്‍ പിന്തുടര്‍ന്നിരുന്നു. കല്ലിടുക്കിലെത്തിയപ്പോള്‍ ഇതിലൊരു കാര്‍ പാഞ്ഞു മുന്നില്‍ കയറി ഇവരെ തടഞ്ഞിട്ടു. പിന്നാലെ എത്തിയ രണ്ടു കാറുകളില്‍ നിന്നുമടക്കം ആകെ 11 പേര്‍ അരുണിന്റെ വണ്ടിയെ വളഞ്ഞു. പ്രതികള്‍ മുഖം മറച്ചിരുന്നു.

അരുണിന്റെയും റോജിയുടെ കഴുത്തില്‍ കത്തിവച്ചു ഗുണ്ടാസംഘത്തിന്റെ കാറിലേക്കു പിടിച്ചുകയറ്റി. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു അതിക്രമം. അരുണ്‍ സഞ്ചരിച്ച കാറും ഗുണ്ടാസംഘം തട്ടിയെടുത്തു. ഒറ്റനോട്ടത്തില്‍ കാറില്‍ സ്വര്‍ണം കാണാതിരുന്നതോടെ രഹസ്യ അറയില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന സംശയത്തില്‍ ഇവര്‍ അരുണിന്റെ തുടയില്‍ ചുറ്റിക കൊണ്ടു തുടരെ മര്‍ദിച്ചു. സ്വര്‍ണം എവിടെയാണെന്നു പറയാന്‍ തയാറാകാതിരുന്നതോടെ അരുണിനെ കുട്ടനെല്ലൂരില്‍ ഉപേക്ഷിച്ചു. കാര്യമായി ഉപദ്രവിക്കാതെ റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ചു. വണ്ടി നീങ്ങിയത് എവിടേക്കെന്ന കാര്യത്തില്‍ പൊലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കാറില്‍ നിന്നു ക്രിമിനല്‍ സംഘത്തിനു സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags:    

Similar News