സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ നടന്നത് വന്‍ ഗൂഢാലോചന; പോലീസിനെതിരെ മൊഴി നല്‍കാന്‍ കാരിയേഴ്‌സിന് ലക്ഷങ്ങള്‍ വാഗ്ദാനം; സഹായിക്കാന്‍ ചില പോലീസുകാരും; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സജീവമായി സ്വര്‍ണ്ണക്കടത്തുകാര്‍

സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ നടന്നത് വന്‍ ഗൂഢാലോചന

Update: 2024-09-23 03:17 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പോലീസിനെതിരെ രംഗത്തിറങ്ങിയ അവസരം ശരിക്കും ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്തുകാര്‍. അന്‍വറിന്റെ വാദങ്ങളെ ന്യായീകരിക്കും വിധത്തില്‍ പോലീസിന് എതിരായി മൊഴി നല്‍കാന്‍ ചിലര്‍ സംഘടിതമായി ശ്രമിച്ചു. ഇതിന് പിന്നില്‍ അന്‍വറിന് തന്നെ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. എംഎല്‍എയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ സ്വര്‍ണക്കടത്തു സംഘവുമായി ചേര്‍ന്ന് ചിലര്‍ പോലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ സഹായം ലഭിച്ചെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു.

ചില പോലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തു പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും പോലീസിനെ നിര്‍വീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഈ റിപ്പോര്‍ട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്. സേനയ്‌ക്കെതിരെ നടന്ന നീക്കങ്ങളിലെല്ലാം കേസെടുത്ത് അന്വേഷിക്കാനും പൊലീസിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

പേലീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടികൂടിയ കാരിയര്‍മാരായ പ്രതികളെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം പോലീസിനെതിരെ മൊഴി നല്‍കാന്‍ സമീപിക്കുന്നത്. സ്വര്‍ണ്ണ ക്യാരിയര്‍മാര്‍ക്ക് പണവും വാഗ്ദാനം നടത്തി. രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം നടത്തിയെന്നാണ് വിവരം. ഡിജിപി നടത്തുന്ന അന്വേഷണത്തില്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കാനാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ അട്ടിമറിയുണ്ടാകുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി തല സമിതി അന്വേഷണം നടക്കുന്നുണ്ട്. പിടിച്ച സ്വര്‍ണ്ണമല്ല കോടതിയില്‍ എത്തുന്നതെന്നും എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം പൊലീസുകാര്‍ ഇടപെട്ട് സ്വര്‍ണ്ണം മാറ്റുമെന്നുമായിരുന്നു ആരോപണം. പൊലീസുകാര്‍ സ്വര്‍ണ്ണക്കടത്ത് പ്രതികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണിത് ചെയ്യുന്നതെന്നും അന്‍വര്‍ അടക്കം ആരോപിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിലടക്കം ഡിജിപി തല അന്വേഷണം പ്രഖ്യാപിച്ചത്.

ഡിജിപി നടത്തുന്ന ഈ അന്വേഷണത്തില്‍ പൊലീസുകാര്‍ക്കെതിരെ നിര്‍ബന്ധിച്ച് മൊഴി നല്‍കാന്‍ കാരിയര്‍മാരെ സ്വര്‍ണ്ണക്കടത്തുകാര്‍ സമീപിക്കുന്നുവെന്നാണ് വിവരം. ഇത്തരം സംഭവങ്ങളുണ്ടാകുന്നുവെന്ന് കാരിയര്‍മാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഇന്റലിജിന്‍സ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

അകേലമയം മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തുകാര്‍ താനുമായി ബന്ധം പുലര്‍ത്തുന്നവരാണെന്ന് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഇവരുമായി താന്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ശരിവെക്കുന്ന വിധത്തിലായിരുന്നു നിലമ്പൂര്‍ എംഎല്‍എയുടെ വാക്കുകള്‍.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കൊടുത്ത റിപ്പോര്‍ട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി പ്രതികളെ മഹത്വവത്കരിക്കുന്നു എന്ന് പറഞ്ഞതെന്നാണ് അന്‍വര്‍ വാദിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെ കുറിച്ചായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വച്ചാണ് സ്വര്‍ണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാല്‍ പോലീസ് ആ സ്വര്‍ണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വര്‍ണ്ണ പണിക്കാരനോട് അന്വേഷിച്ചാല്‍ കാര്യം വ്യക്തമാകും.

സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. 102 ഇഞജഇ പ്രകാരമാണ് പോലീസ് ഈ സ്വര്‍ണ്ണ കള്ളകടത്ത് കേസുകള്‍ മുഴുവന്‍ എടുത്തിട്ടുള്ളത്. സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്?

ഇവിടെയാണ് പോലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകള്‍ എല്ലാമൊന്നും നിലനില്‍ക്കില്ല. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പോലീസിന് എന്തും പിടിക്കാനുള്ള അധികാരം ഉണ്ട്. എന്നാല്‍ പ്രതിയെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിന് കൈമാറണം. അതാണ് നിയമം അനുശാസിക്കുന്നത്.- അന്‍വര്‍ പറഞ്ഞു,

പി വി അന്‍വറിന്റെ പ്രസ്താവനയില്‍ നിന്നും സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് നിരന്തര ബന്ധമുണ്ടെന്ന് വ്യക്തമാണ്. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് തുരങ്കം വെക്കുന്ന നികുതി വെട്ടിപ്പ് പണിയായിട്ടും അതിനെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു. ഇത് ഗൗരവകരമായ കാര്യമായി തന്നെ വിലയിരുത്തേണ്ടി വരും. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ നടന്നത് വന്‍ ഗൂഢാലോചന


Tags:    

Similar News