കണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന്‍ കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്
ഇരിട്ടി: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ കൂടി പുറത്തുവരുന്നു. കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പും നടന്ന വിവരമാണ് പുറത്തുവരുന്നത്.
പണയം വച്ച 60 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി. ആനപ്പന്തി സര്‍വീസ് സഹ. ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്. വ്യക്തികള്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വെച്ച് 60 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ബാങ്ക് കച്ചേരിക്കടവ് ശാഖയുടെ കാഷ്യര്‍ സുധീര്‍ തോമസ് ബാങ്കില്‍നിന്ന് മുങ്ങിയതായി കാണിച്ച് ബാങ്ക് സെക്രട്ടറി അനീഷ് കുര്യന്‍ ഇരിട്ടി പോലീസില്‍ പരാതി നല്‍കി. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 29-നാണ് പരാതിക്കിടയായ സംഭവം നടന്നത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണം തിരികെയെടുത്ത പ്രവാസിയായ ഇടപാടുകാരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തന്റെ പണയസ്വര്‍ണത്തിനു പകരം മുക്കുപണ്ടം വെച്ച് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഇതേത്തുടര്‍ന്ന് ബാങ്കിലെത്തി പരാതി നല്‍കുകയായിരുന്നു. ബാങ്ക് സെക്രട്ടറി അനീഷ് കുര്യന്‍ കച്ചേരിക്കടവ് ശാഖയിലെത്തി പണയ വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് വന്‍ തട്ടിപ്പ് പുറത്തായത്.
ഇതോടെ സുധീര്‍ തോമസ് മുങ്ങിയതായാണ് അറിയുന്നത്. ഇതേത്തുടര്‍ന്ന് ബാങ്ക് സെക്രട്ടറി അനീഷ് കുര്യന്‍ കഴിഞ്ഞദിവസം ഇരിട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരിട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്‍, അഡീ. എസ്‌ഐ ടി.ജി.അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുധീര്‍ തോമസിന് പുറമെ തട്ടിപ്പു സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്കും ഇതില്‍ പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന് സമീപത്തെ അക്ഷയ കേന്ദ്രം നടത്തിപ്പുകാരനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും അറിയുന്നു.
സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്. 18 പാക്കറ്റുകളില്‍ സൂക്ഷിച്ച സ്വര്‍ണമെടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു .ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണ്ണം മോഷ്ടിക്കുകയും ചെയ്തു.കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്നത്. ഇതോടെ കോണ്‍ഗ്രസ് വിഷയം ആയുധമാക്കാന്‍ ഒരുങ്ങുകയാണ്.