ഒമാനെ നടുക്കി വന്‍ ജ്വല്ലറി കവര്‍ച്ച; ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു; ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍; ടൂറിസ്റ്റ് വിസയില്‍ എത്തി ജ്വല്ലറിക്ക് സമീപം മുറിയെടുത്ത് ചുമര്‍ തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച; പിടിയിലായവരിലേക്ക് വിശദ അന്വേഷണം

ഒമാനെ നടുക്കി വന്‍ ജ്വല്ലറി കവര്‍ച്ച

Update: 2025-12-15 01:04 GMT

മസ്‌ക്കറ്റ്: ഒമാനെ ഞെട്ടിച്ചു വന്‍ ജുവല്ലറി കവര്‍ച്ച. ഇരുപത്തിമൂന്നര കോടിയോളം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. ടൂറിസ്റ്റ് വിസയില്‍ എത്തി കവര്‍ച്ച നടത്തിയതില്‍ പിടിയിലായത് രണ്ട് യൂറോപ്യന്‍ പൗരന്‍മാരാണ്. 23 കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണമാണ് കൊള്ളസംഘം ജ്വല്ലറി ഭിത്തി തുരന്ന് കവര്‍ന്നത്. പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയിട്ടുണ്ട്.

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അല്‍ ഖുബ്‌റ എന്ന പ്രദേശത്താണ് കവര്‍ച്ച നടന്നത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്താണ് മോഷണം നടത്തിയത്. പുലര്‍ച്ചെയാണ് സംഭവം. ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്താന്‍ നേരത്തെ ആസൂത്രണം നടത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെത്തിയതെന്ന് പൊലീസ് പറയുന്നു.

നിലവില്‍ മോഷ്ടിച്ച സ്വര്‍ണവും പണവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു മില്യന്‍ ഒമാനി റിയാലോളം വരുന്ന ആഭരണവും പണവുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ടൂറിസ്റ്റ് വിസയിലെത്തിയ മോഷ്ടാക്കള്‍ സ്വര്‍ണം ഒളിപ്പിച്ച് നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളെല്ലാം കണ്ടെത്തിയെന്നും മറ്റു തെളിവുകള്‍ ശേഖരിച്ചവരികയാണെന്നും പൊലീസ് അറിയിച്ചു.

ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തിയ രണ്ട് പ്രതികളും മോഷണത്തിനായി വലിയ ആസൂത്രണമാണ് നടത്തിയത്. ജ്വല്ലറിയും പരിസരവും നിരീക്ഷിച്ച്, ഇവിടെവെച്ച് മോഷണം ആസൂത്രണം ചെയ്തുവെന്നാണ് നിഗമനം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭിത്തി തുരന്ന് അകത്തു കയറാനും ജ്വല്ലറിക്കുള്ളി സേഫ് തുറക്കാനും പ്രതികള്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു.

മോഷ്ടിച്ച സ്വര്‍ണം, വാടകയ്ക്കെടുത്ത ബോട്ടില്‍ മറ്റൊരു സ്ഥലത്തെത്തിച്ചു. സിഫ പ്രദേശത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്നും ഇത് കണ്ടെടുത്തുവന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്.

Tags:    

Similar News