കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം; ചുറ്റും ഭസ്മവും പൂജാദ്രവ്യങ്ങളും സുഗന്ധദ്രവ്യങ്ങളും; നെഞ്ചു വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയില്‍ മൃതദേഹം; ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴികള്‍ ശരിവെക്കുന്ന വിധത്തില്‍ കല്ലറയിലെ കാഴ്ച്ചകള്‍; പുറത്തെടുത്ത മൃതദേഹം സ്ഥലത്ത് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തും

കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം

Update: 2025-01-16 02:13 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങളും ഭസ്മങ്ങളും സുഗന്ധ ദ്രവ്യങ്ങളും അടക്കം നിറച്ചിരുന്നു. നെഞ്ചു വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴികള്‍ ശരിവെക്കുന്ന വിധത്തില്‍ കല്ലറയിലെ കാഴ്ച്ചകള്‍. കല്ലറ പൊളിച്ചു പുറത്തെടുത്ത മൃതദേഹം ഉടന്‍ സ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹ ജീര്‍ണ്ണാവസ്ഥയിലായ പശ്ചാത്തലത്തിലാണ് സ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പോലീസ് സര്‍ജന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന തന്ന വേണ്ടി വരും.

ഇന്ന് രാവിലെ പോലീസ് സംഘം എത്താണ് കല്ലറ പൊളിച്ചത്. പ്രദേശത്ത് എആര്‍ ക്യാംപില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു ശേഷമാണ് ഇന്ന് കല്ലറ തുറക്കേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. ഫോറന്‍സിക് സംഘവും കൂടുതല്‍ പോലീസ് വിന്യാസവും സ്ഥലത്തുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യവുമുണ്ട്.

ടാര്‍പോളിന്‍ കെട്ടി കല്ലറ മറച്ചിട്ടുണ്ട്. കല്ലറയിലേക്കുള്ള വഴികളും അടച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് ഷാജി, നെടുമങ്ങാട് ഡിവൈഎസ്പി അരുണ്‍ കുമാര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ 200 മീറ്റര്‍ അകലെ നില്‍ക്കണമെന്നാണ് പോലിസ് നിര്‍ദേശം. സ്ഥലത്ത് 150ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിനാണ് പൊളിക്കലിന്റെ ചുമതല.

അതേ സമയം ഇന്നലെ രാത്രി മകന്‍ പൂജ നടത്തിയിരുന്നു. മകന്‍ രാജസേനനാണ് പൂജ നടത്തിയത്. ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച കുടുംബത്തിന് തിരിച്ചടി നേരിട്ടിരുന്നു. പൊലീസ് നടപടികളില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസ് സി എസ് ഡയസാണ് കേസ് പരിഗണിച്ചത്. ഗോപന്‍ സ്വാമി മരിച്ചെന്ന് പറയുന്നു, എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. എങ്ങനെ മരിച്ചെന്ന് കുടുംബം വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിലെ പോലീസ് അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യം ഇല്ലെന്ന് കോടതി പറഞ്ഞു. സംശയാസ്പദ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് പോലീസ് നടപടി തുടങ്ങിത്.

നേരത്തെ സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കിയിരുന്നു. മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.

അതേസമയം ഗോപന്‍ സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നാണ് മക്കള്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്ന് പോയാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നുമാണ് പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞത്.

സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണെന്നും സനന്ദന്‍ പറഞ്ഞു. വ്യാഴാഴ്ച ആലുംമൂട് നിന്നാണ് പ്രിന്റ് എടുത്തത്. പൊലീസ് കഴിഞ്ഞ ദിവസവും മൊഴി രേഖപ്പെടുത്തി. ഇതുവരെ പൊലീസ് നോട്ടിസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോപന്‍ സ്വാമിയുടെ സമാധി വിവരം പോസ്റ്റര്‍ പതിപ്പിച്ചു കൊണ്ട് പുറം ലോകത്തെ അറിയിക്കുന്നത്. പോസ്റ്റര്‍ പതിച്ചപ്പോഴാണ് മരണ വിവരം അയല്‍വാസികള്‍ അടക്കം അറിഞ്ഞത്. തുടര്‍ന്ന് ദുരൂഹത ഉയര്‍ത്തി നാട്ടുകാര്‍ രംഗത്തെത്തി.

Tags:    

Similar News